ചിക്കാഗോയിലെ മലയാളി സമൂഹം വിതുമ്പുന്നു:ജസ്റ്റിന്‍ ആന്റണിയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ ചൊവ്വാ ബുധന്‍ ദിവസങ്ങളില്‍

ചിക്കാഗോ: ഇനി അന്വേഷണങ്ങളും ഊഹാപോഹങ്ങളും ഒന്നുമില്ല. കണ്ടെത്തടിയ മൃതദേഹം ഒരാഴ്ചയായി തേടിനടന്ന ജസ്റ്റിന്‍ ആന്റണി ഭരണികുളങ്ങരയുടേത് എന്ന് ഔദ്യോഗിക പ്രഖ്യാപനം എത്തിയതോടെ ചിക്കാഗോയിലെ മലയാളി സമൂഹം ഒന്നാകെ വിങ്ങിപൊട്ടുകയാണ്. ദുഃഖവെള്ളിയാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ ജസ്റ്റിന്റെ, തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡ്യൂപേജ് കൗണ്ടി കൊറോണറുടെ പ്രാഥമിക കണ്ടെത്തലുകള്‍, മരണകാരണം വീഴ്ചയിലുണ്ടായ പരിക്കുകള്‍ മൂലമാണ് എന്നതാണ് എന്ന സ്ഥീരീകരിച്ചു. ഫോറന്‍സിക് ദന്ത വിദഗ്ധന്റെ സഹായത്തോടെയാണ് മൃതദേഹം ഔദ്യോഗികമായും നിയമപരമായും തിരിച്ചറിഞ്ഞത്.

ജസ്റ്റിന്റെ മൃത സംസ്‌കാര ശുശ്രൂഷകള്‍ ബെല്‍വുഡിലെ മാര്‍ത്തോമ്മാ ശ്ലീഹാ കത്തീഡ്രലില്‍ വച്ച് ചൊവ്വായ ബുധന്‍ ദിവസങ്ങളിലായാണ് നടത്തപ്പെടുക. ചൊവ്വാഴ്ച വൈകിട്ട് ആറുമുതല്‍ ഒന്‍പത് വരെ വെയ്ക്ക് സര്‍വ്വീസും ബുധനാഴ്ച രാവിലെ പത്തുമണിക്ക് മൃതസംസ്‌കാര ശുശ്രൂഷയുടെ രണ്ടാം ഭാഗവും നടത്തപ്പെടും. തുടര്‍ന്ന് ഹില്‍സൈഡിലെ ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയിലാണ് മൃതദേഹം അടക്കം ചെയ്യുന്നത്. മൃതസംസ്‌കാര ശുശ്രൂഷകള്‍ കേരളാവോയിസിലും കെവിടിവിയിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.

24 വയസ്സുകാരനായ ജസ്റ്റിന്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടില്‍ നിന്നും തന്റെ വെള്ളിനിറത്തിലുള്ള മൗണ്ടൈന്‍ ബൈക്കില്‍ ഇറങ്ങിയതിനു ശേഷമാണ് കാണാതാകുന്നത്. ബെല്‍വുഡിലെ പള്ളിയിലേക്ക് പോകുന്നു എന്ന സന്ദേശം ഇദ്ദേഹവും കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു എങ്കിലും പള്ളിയില്‍ എത്തിയില്ല. തുടര്‍ന്ന് എല്‍മസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകള്‍ വിഭലമാവുകയായിരുന്നു. പഠനം കഴിഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് വേണ്ടി ജോലി നോക്കുകയായിരുന്നു ജസ്റ്റിന്‍. ഭരണികുളങ്ങര ആന്റണിയുടെയും മോളിയുടെയും മകനായ ജസ്റ്റിന് ബെനീറ്റ & എമില്‍ എന്നീ രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്.

അകാലത്തില്‍ പിരിഞ്ഞ, യുവത്വം തുളുമ്പുന്ന ജസ്റ്റിന്‍ ആന്റണിയുടെ വിയോഗത്തില്‍ ഷിക്കാഗോ മാര്‍ത്തോമ്മാ ശ്ലീഹാ കത്തീഡ്രല്‍ വികാരി ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, ഫോമാ പ്രസിഡണ്ട് ബെന്നി വാച്ചാച്ചിറ, ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് രഞ്ജന്‍ എബ്രഹാം, ചിക്കാഗോ സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് അലക്സ് പടിഞ്ഞാറേല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

മൃത സംസ്‌കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഒരേ സമയം യുണൈറ്റഡ് മീഡിയയിലെയും റോക്കുവിലെയും കെവിടിവി ചാനലുകളിലൂടെയും, കെവിടിവി യുഎസ്എ യുടെ യൂട്യൂബ് ചാനലിലൂടെയും കെവിടിവി ഫേസ്ബുക്ക് പേജിലൂടെയും ലഭ്യമായിരിക്കും.