സഭയില്‍ ചിരിയുടെ മാലപ്പടക്കം: രാജി പ്രഖ്യാപിച്ച് കെ.എം മാണി ; പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കി പിണറായി : പെമ്പിളൈ ഒരുമയെ പെമ്പിളൈ എരുമയാക്കി തിരുവഞ്ചൂര്‍
തിരുവനന്തപുരം: നാക്കുപിഴയില്‍ വിവാദത്തിലായ മന്ത്രി എം.എം മണിയെ രാജിവെയ്പ്പിക്കാനും പ്രതിരോധിക്കാനുമുള്ള ഏറ്റമുട്ടലില്‍ നിയമസഭ സാമാജികര്‍ക്ക് നാക്ക് പിഴച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തിരുവഞ്ചൂര്‍ രാധാകൃഷ്ണും കെ.എം മാണിക്കുമാണ് നാക്ക് പിഴച്ചത്. രാജിവെക്കാത്ത എം.എം മണിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഞാനും എന്റെ പാര്‍ട്ടിയും രാജിവെയ്ക്കുന്നു. മണിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ ബഹളത്തിനിടെയാണ് പാല മെമ്പര്‍ കെ.എം മാണിയുടെ നാക്ക് പിഴ നിയമസഭയില്‍ ഉയര്‍ന്നത്. സംഘര്‍ഷഭരിതമായിരുന്ന നിയമസഭയില്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ നാക്കുപിഴയില്‍ ചിരിയുടെ അമിട്ടുകള്‍ പൊട്ടിച്ചിതറി.
സഭ തുടങ്ങിയതു മുതല്‍ അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നു. മൂന്നാറും എം.എം മണിയും ബഹളമയമാക്കി. ഇതിനിടെയാണ് ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് മുഖ്യമന്ത്രിയും തിരുവഞ്ചൂരും കെ.എം മാണിയും നാക്ക് പിഴയില്‍ ചിരിപടര്‍ത്തിയത്. തിരുവഞ്ചൂരിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനും നാവുപിഴച്ചത്. പാപ്പാത്തിച്ചോലയെ ചപ്പാത്തി, ആ ചപ്പാത്തിച്ചോല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീട് അദ്ദേഹം തിരുത്തി.
സ്ഥിരമായി നാവു പിഴയ്ക്കുന്നയാളാണ് തിരുവഞ്ചൂര്‍. ആ പതിവ് തെറ്റിച്ചില്ല. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയത് തിരുവഞ്ചൂരായിരുന്നു. മണിയെ തള്ളി മുഖ്യമന്ത്രി, മുഖ്യമന്ത്രി പറഞ്ഞ വാചകം ഞാന്‍ ഒന്ന് വായിക്കാം. പെണ്‍കള്‍… പെണ്‍മട്രേ… പെണ്പേര്… പെമ്പിളൈ എരുമ! ഏറെ നേരം തിരുവഞ്ചൂര്‍ തപ്പിത്തടഞ്ഞു. തിരുവഞ്ചൂരിന്റെ വെപ്രാളം കണ്ട് പിന്നിലിരുന്ന കെ മുരളീധരന് ചിരിയടക്കാന്‍ ഏറെ പാടുപെടുന്നത് കാണാമായിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം പല എം.എല്‍.എമാരും ചിരിയടക്കാന്‍ ഏറെ പാടുപെട്ടു. പെമ്പിളൈ ഒരുമ എന്ന് അടുത്തിരുന്ന കെ.സി ജോസഫ് പറഞ്ഞു കൊടുത്താണ് തിരുത്തിച്ചത്. തിരുവഞ്ചൂര്‍ തപ്പിത്തടയല്‍ തുടരുന്നതിനിടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ചിരിയടക്കാന്‍ പാടുപെടുന്നത് കാണാമായിരുന്നു.
ഇതിനെല്ലാം പിന്നാലെയായിരുന്നു പരിണിത പ്രജ്ഞനായ കെ.എം മാണിയുടെ വലിയ നാക്കുപിഴ എത്തിയത്. പ്രതിപക്ഷം വാക്കൗട്ട് നടത്താതെ ബഹളം തുടരുന്നതിനിടെ മാണിയും ഒ രാജഗോപാലും ഒരു പോലെ എഴുന്നേറ്റു. ആര് ആദ്യ പ്രസംഗിക്കുമെന്നതില് തര്‍ക്കമായി. ഒടുവില്‍ അന്‍പതാണ്ട് തികച്ച മാണി തന്നെ നവാഗതനായ രാജഗോപാലിനെ സീറ്റിലിരുത്തി പ്രസംഗിച്ചു.
രാജിവെക്കാത്ത എം.എം മണിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഞാനും ‘ഞാനും എന്റെ പാര്‍ട്ടിയും രാജിവെക്കുന്നുവെന്ന്’. സ്പീക്കര്‍ എടുത്തു ചോദിച്ചു മാണിയും പാര്‍ട്ടിയും രാജി വെച്ചോ എന്ന്. ഇതോടെ രാജിവെച്ചിട്ടില്ല വാക്കൗട്ട് നടത്തുന്നുവെന്ന് വ്യക്തമാക്കി മാണി തടിയൂരി.