”പണ്ഡിതോചിതമായി സംസാരിക്കാന്‍ അറിയില്ല, സാധാരണക്കാരന്റെ ഭാഷയെ അറിയൂ…”
തിരുവനന്തപുരം: പണ്ഡിതോചിതമായി സംസാരിക്കാന്‍ തനിക്ക് അറിയില്ല. സാധാരണക്കാരന്റെ ഭാഷയെ അറിയൂ. വിവാദ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണം നല്‍കവേയാണ് എം.എം മണിയുടെ വിശദീകരണം.
ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. കൈയേറ്റക്കാര്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും ഈ മാധ്യമ പ്രവര്‍ത്തകരുമായി ബന്ധമുണ്ട്. അതിനെയാണ് താന്‍ വിമര്‍ശിച്ചത്. തന്റെ പ്രസംഗത്തിനിടെ ഒരു സ്ത്രീയുടെ പേരോ സ്ത്രീയെന്നോ പോലും പരാമര്‍ശിച്ചിട്ടില്ല. സ്ത്രീകളെ അപമാനിച്ചിട്ടുമില്ല. താനും സ്ത്രീകള്‍ ഉള്ളിടത്തു നിന്നു തന്നെയാണ് വരുന്നത്.
ആയിരക്കണക്കിന് സ്ത്രീ തോട്ടം തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച ആളാണ്. തനിക്ക് പെണ്‍മകള്‍ ഉണ്ടെന്നും മണി പറഞ്ഞു. തന്റെ പ്രസംഗം എഡിറ്റ് ചെയ്ത് അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 17 മിനിറ്റുള്ള പ്രസംഗം മുഴുവന് കേള്‍പ്പിച്ചാല്‍ എല്ലാ ആക്ഷേപവും തീരും. മനസിന്റെ ഭാഷയിലാണ് താന്‍ സംസാരിച്ചത്.
പെമ്പിളൈ ഒരുമൈ മുന്‍പ് നടത്തിയ സമരത്തിലും ഇപ്പോള്‍ നടത്തുന്ന സമരത്തിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരും ബി.ജെ.പിക്കാരും എത്ര ശ്രമിച്ചിട്ടും സമരത്തിന് ആളെ കിട്ടുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു. മണിയുടെ വിശദീകരണത്തിനിടെ പ്രതിപക്ഷം രണ്ടു തവണ പ്രസംഗം തടസപ്പെടുത്തി.