ശബരിമലയില്‍ ആചാരലംഘനം: നടന്‍ ജയറാം, വ്യവസായി സുനില്‍ എന്നിവര്‍ക്കെതിരെ റിപ്പോര്‍ട്ട്
തിരുവനന്തപുരം: നടന്‍ ജയറാം സോപാനത്തില്‍ ഇടക്ക വായിച്ചത് ചട്ടം ലംഘിച്ചാണെന്നു റിപ്പോര്‍ട്ട്. ശബരിമലയില്‍ ആചാരലംഘനം നടന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവരം ബോധിപ്പിച്ചിരിക്കുന്നത്. കൊല്ലത്തെ വ്യവസായി സുനിലിന് എതിരെ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് നല്കിയിട്ടുണ്ട്.
വിഷു ഉല്‍സവത്തിനായി ശബരിമല നട നേരത്തെ തുറന്നതും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിശദികരിച്ചട്ടുണ്ട്. ദേവസ്വം മന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ക്ക് ശുപാര്‍ശയും അടങ്ങിയട്ടുണ്ട്. ആചാരലംഘനം തടയാന്‍ തന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ലന്നും റിപ്പോര്‍ട്ട് പറയുന്നു.
വിഷു ഉല്‍സവത്തിനായി ഏപ്രില്‍ പത്തിന് വൈകിട്ടാണ് നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്തു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചത്. ആചാരലംഘനത്തിന് നാലുപേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.