ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി
ന്യൂഡല്‍ഹി: ശക്തമായ ത്രികോണമല്‍സരം നടന്ന ഡെല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം. ഭരണത്തുടര്‍ച്ച പ്രവചിച്ച എക്സിറ്റ്പോള്‍ ഫലങ്ങള്‍ ശരിവച്ച് സൗത്ത് ഡല്‍ഹി, നോര്‍ത്ത് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി എന്നീ മൂന്നു മുനിസിപ്പാലിറ്റികളിലും വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. ആകെയുള്ള 272 സീറ്റുകളില്‍ 177 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. രണ്ടു സീറ്റുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ബിജെപി ഭരിക്കുന്നത്.
രണ്ടാം സ്ഥാനത്തിനായി ശക്തമായ മല്‍സരം ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലാണ്. 45 സീറ്റുമായി ആം ആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ രണ്ടാമത്. 35 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്. 10 സീറ്റില്‍ മറ്റുള്ളവര്‍ ജയിച്ചു. നഗരത്തിലെ 34 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിക്കാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷമായി ബിജെപിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിക്കുന്നത്.
തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന് അജയ് മാക്കന്‍ പ്രതികരിച്ചു. അടുത്ത ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കില്ല. സാധാരണ പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ 54 ശതമാനം പേര്‍ വോട്ടുചെയ്തു. പ്രദേശിക രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയവും ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പ് ബിജെപി, ആം ആദ്മി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് അഭിമാനപ്പോരാട്ടമായിരുന്നു ഇത്. 2012 ലെ തെരഞ്ഞെടുപ്പില്‍ 272 ല്‍ 138 സീറ്റുകള്‍ ബിജെപി നേടിയിരുന്നു. വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്.
കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളായിരുന്നു തെരഞ്ഞെടുപ്പിന്റെ പ്രധാന ചര്‍ച്ചാവിഷയം. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പാണെങ്കിലും മോദി പ്രഭാവം തന്നെയാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ജനവിധി ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.