ഇമ്മാനുവേല്‍ മാക്രോണിന്റെ ജീവിത കഥ: മലയാളിയുടെ സദാചാര സങ്കല്പങ്ങള്‍ക്കുമപ്പുറം
ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകനായ രാജേഷ് കൃഷ്ണയുടെ വിചിന്തനത്തിന് വിഷയമാക്കേണ്ട ഒരു പോസ്റ്റാണ് ചുവടെ. ഫ്രഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ആദ്യ പാദത്തില്‍ ഒന്നാമതെത്തിയ ഇമ്മാനുവേല്‍ മാക്രോണിന്റെ ജീവിത കഥ മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളുടെ സങ്കല്പങ്ങള്‍ക്കുമപ്പുറമാണെന്നാണ് രാജേഷ് പറയുന്നത്. എന്തിനും ഏതിനും അശ്ലീലതകല്‍പ്പിക്കുന്ന മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളുടെ കൂടു പൊളിയുന്ന കാഴ്ചയാണിതെന്നാണ് അദ്ദേഹം പറയുന്നത്.
രാജേഷ് കൃഷ്ണയുടെ പോസ്റ്റ്:
മലയാളിയുടെ സദാചാര സങ്കല്‍പ്പങ്ങളുടെ സങ്കല്പങ്ങള്‍ക്കുമപ്പുറമാണ് ഫ്രഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ആദ്യ പാദത്തില്‍ ഒന്നാമതെത്തിയ ഇമ്മാനുവേല്‍ മാക്രോണിന്റെ ജീവിത കഥ…!
ഇമ്മാനുവേല്‍ മാക്രോണ്‍ എന്ന 23.9 ശതമാനം വോട്ടുനേടി മുന്നില്‍ നില്‍ക്കുന്ന, ജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് പ്രസിഡണ്ട് ആകാന്‍പോകുന്ന അദ്ദേഹത്തിന് പ്രായം 39. അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രായം 64. ഭാര്യ ബ്രിജിറ്റേ ട്രോഗ്നസ് സ്‌കൂള്‍ പ്രായത്തില്‍ അതായത് 15 വയസ്സുള്ളപ്പോള്‍ മക്രോണിന്റെ നാടക അദ്ധ്യാപികയായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ അദ്ദേഹം അവരെ കല്യാണം കഴിക്കാനുള്ള താല്‍പ്പര്യം അറിയിച്ചു. അടുത്ത വര്‍ഷം അദ്ദേഹം പഠനത്തിനായി പാരിസിലേക്ക് നീങ്ങിയതോടെ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി മൂന്നുകുട്ടികളുടെ അമ്മയായ ബ്രിജിറ്റേ, മക്രോണിനൊപ്പം ജീവിതം തുടങ്ങിയെങ്കിലും 2007ല്‍ മുപ്പതാം വയസ്സിലാണ് ഇരുവരും വിവാഹിതരായത്. ബ്രിജിറ്റേയുടെ ആദ്യ ബന്ധത്തിലെ മൂത്തകുട്ടിക്ക് മക്രോണിനേക്കാള്‍ രണ്ടുവയസ്സ് കൂടുതല്‍, രണ്ടാമത്തെ കുട്ടി അദ്ദേഹത്തിന്റെ സഹപാഠി. ആദ്യബന്ധത്തില്‍ ഏഴ് കൊച്ചുമക്കളും.
ലണ്ടനില്‍ ജീവിക്കുന്നതുകൊണ്ടു തന്നെ ഇത്തരം അനേകം ബന്ധങ്ങള്‍ അടുത്തു കണ്ടിട്ടുണ്ട് അതിവിടെ സര്‍വ്വസാധാരണവുമാണ്. എന്തിനും ഏതിനും അശ്ലീലതകല്‍പ്പിക്കുന്ന മലയാളി കണ്ണുകള്‍ ഇതൊക്കെ കണ്ടറിഞ്ഞെങ്കിലും കപട സദാചാര സങ്കല്പങ്ങളുടെ കൂടുപൊളിച്ചു പുറത്തുവരട്ടെ …!