നാടന്‍ പദപയറ്റിന് മണിയാശാന് പരസ്യ ശാസന ; മന്ത്രിക്കസേരക്ക് ഇളക്കം തട്ടിയില്ല : മണി നാക്ക് പിഴയ്ക്ക് നടപടി നേരിടുന്നത് രണ്ടാം തവണ

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ നാടന്‍ പദപയറ്റിന് പാര്‍ട്ടിയുടെ പരസ്യശാസന. മന്ത്രി എം.എം മണിക്കെതിരേ സി.പി.എം നടപടി എടുത്തു. മണിക്ക് പരസ്യശാസന നല്‍കാന്‍ സി.പി.എം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തുടര്‍ച്ചയായ വിവാദ പ്രസ്താവനകളിലാണ് പാര്‍ട്ടി നടപടി. പരസ്യശാസന ലഭിച്ചതോടെ മണിയുടെ മന്ത്രിസ്ഥാനം ഇളകില്ലെന്നും ഉറപ്പായി.

 
രണ്ടാം തവണയാണ് നാക്ക് പിഴയുടെ പേരില്‍ എം.എം മണി പാര്‍ട്ടി സംഘടനാ തലത്തില്‍ നടപടി നേരിടുന്നത്. പാര്‍ട്ടിയെ തുടര്‍ച്ചയായി വിവാദങ്ങളില്‍ വീഴ്ത്തുന്ന മണിയോട് മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് പ്രതിപക്ഷത്തിന് അടിക്കാന്‍ വടി കൊടുക്കുന്നതിന് തുല്യമാകുമെന്നും സംസ്ഥാന സമിതിയില്‍ വാദമുണ്ടായി. കൂടാതെ, ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ മണി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി വ്യക്തമല്ലെന്നും പാര്‍ട്ടി നിലപാടെടുത്തു.

എന്നാല്‍ ദേവികുളം സബ്കലക്ടര്‍ക്ക് എതിരെ നടത്തിയ മോശം പരാമര്‍ശങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ മണിയെ പരസ്യമായി ശാസിക്കാന്‍ സി.പി.എം സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച ചേര്‍ന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ നടപടി സംബന്ധിച്ച് ധാരണയില്‍ എത്തിയിരുന്നു. എങ്കിലും വിഷയത്തിലെ അന്തിമ തീരുമാനം സംസ്ഥാന സമിതിയോഗത്തിന് വിടുകയായിരുന്നു.

മണിയുടെ തുടര്‍ച്ചയായ വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റെയും പ്രതിച്ഛായ നഷ്ടമാക്കിയെന്ന രൂക്ഷ വിമര്‍ശനം സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്കെതിരേ നിലപാടെടുത്തു.