കളി കഴിഞ്ഞിട്ടു മതി കാര്യം, വേനലവധിയില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്

തിരുവനന്തപുരം:വേനലവധിയില്‍ ഇനി സ്‌കൂളുകളില്‍ ക്ലാസുകള്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്. വേനലവധിയ്ക്ക് സ്‌കൂളുകളില്‍ പ്രത്യേക ക്ലാസുകള്‍ വെക്കുന്നത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് ബാലാവകാശ കമ്മീഷന്‍ വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഉത്തരവ് സ്‌കൂളുകള്‍ക്ക് കൈമാറി.

വേനലവധിയ്ക്ക് എല്ലാ സ്‌കൂളുകളും അടച്ചിടണമെന്നും ജൂണ്‍മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിവസം മാത്രമേ തുറക്കാന്‍ പാടുള്ളുവെന്നും കേരള വിദ്യാഭ്യാസ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. 1959ലെ കേരള വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണ് വേനലവധിയ്ക്ക് ക്ലാസുകള്‍ വെക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ക്ലാസുകള്‍ നിര്‍ത്തിവെക്കാന്‍ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്.50 ദിവസം വേനല്‍ അവധിയായി എല്ലാ സ്‌കൂളുകളിലും അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളില്‍ പ്രത്യേക ക്ലാസുകള്‍ നടക്കുന്നതിനെതിരെ രക്ഷിതാക്കളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെട്ടത്.

കനത്ത വേനലില്‍ ക്ലാസെടുക്കുന്നത് കുട്ടികളെ തളര്‍ത്തുന്നതായി രക്ഷിതാക്കള്‍ നേരത്തെ പരാതിപ്പെടുകയും ചെയ്തിരുന്നു.വേനലവധിയ്ക്ക് സ്‌കൂള്‍ അടക്കാന്‍ കാത്തിരുന്ന ഒരു തലമുറയുണ്ടായിരുന്നു പണ്ട്.എന്നാല്‍ കാലം മാറിയതോടെ വേനലവധിയെ പോലും വകവയ്ക്കാതെ മുഴുവന്‍ സമയ പഠനക്ലാസുകളായി. അതോടു കൂടി കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിച്ചിരുന്നു.