വെല്ലു വിളിച്ച് റവന്യൂ മന്ത്രി: പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ നടപടിയെടുക്കാം, സി.പി.ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കയ്യേറ്റമാണെങ്കിലും ഒഴിപ്പിക്കണം

തിരുവനന്തപുരം: മൂന്നാറിലെ സി.പി.ഐയുടെ പാര്‍ട്ടി ഓഫീസ് കയ്യേറി നിര്‍മ്മിച്ചതാണൈന്ന് തെളിയിക്കാന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്റെ വെല്ലുവിളി. പാര്‍ട്ടി ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിയിക്കുന്ന രേഖ കൊണ്ടുവന്നാല്‍ നടപടിയെടുക്കാം.സി.പി.ഐ.ഓഫീസ് ചെമ്പ് പട്ടയം ഭൂമിയിലാണ്.മീഡിയ വണ്‍ ചാനലിലെ വ്യൂ പോയിന്റ് പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അനധികൃത നിര്‍മ്മാണം പൊളിക്കുകയല്ല കണ്ടുകെട്ടുകയാണ് സര്‍ക്കാര്‍ നയമെന്നും. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ രീതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചപ്പോഴും
ശക്തമായി എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോകാന്‍ ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.രാഷ്ട്രീയം നോക്കാതെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയെടുക്കണം. സി.പി.ഐ. പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കയ്യേറ്റമാണെങ്കിലും ഒഴിപ്പിക്കണം. കയ്യേറ്റം ഒഴിപ്പിക്കലിന് തന്റെ എല്ലാ പിന്തുണയും ഉദ്യോഗസ്ഥര്‍ക്കുണ്ടാകും. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കാമെന്നും മന്ത്രി പറഞ്ഞു.
പാപ്പാത്തിച്ചോലയിലെ കയ്യേറ്റഭൂമിയിലെ കുരിശ് ഒഴിപ്പിച്ച നടപടിയില്‍ റവന്യു ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.തുടര്‍ന്ന് എല്‍.ഡി.എഫ.് യോഗത്തില്‍ സി.പി.ഐ. വിമര്‍ശനം നേരിട്ടിരുന്നു.