ആദ്യ സന്തോഷ് ട്രോഫി കേരളത്തിന് സമ്മാനിച്ച ടീം ക്യാപ്റ്റന്‍ ടികെഎസ് മണി അന്തരിച്ചു
കളമശ്ശേരി: ഫാക്ട് മണി എന്നറിയപ്പെട്ട കേരളഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമായ ടികെഎസ് മണി അന്തരിച്ചു. 77 വയസായിരുന്നു. റെനൈ മെഡിസിറ്റിയില്‍ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച 12ന് ഇടപ്പള്ളി ശ്മശാനത്തില്‍.
കേരളത്തിന്റെ മണ്ണിലേക്ക് ആദ്യമായി സന്തോഷ് ട്രോഫി 1973ല്‍ എത്തുന്നത് ഫാക്ട് മണിയൂടെ ഹാട്രിക് ഗോളുകളുടെ മികവിലാണ്. കേരളം ടീം റെയില്‍വേയ്സിനെ തോല്‍പ്പിച്ചാണ് ആദ്യമായി സന്തോഷ് ട്രോഫി നേടിയത്. മൈതാനത്തില്‍ എതിരാളികളെ സമര്‍ത്ഥമായി കബളിപ്പിച്ച ഫാക്ട് മണി എക്കാലത്തെയും മികച്ച കായികതാരമായിട്ടാണ് അറിയപ്പെടുന്നത്.
കണ്ണൂര്‍ ജിംഖാനയിലൂടെ കളിച്ചു വളര്‍ന്ന മണി ഫാക്ടില്‍ ഉദ്യോഗം നേടി കളിക്കാരനുമായി. കണ്ണൂര്‍ താളിക്കാവിലാണ് ഫാക്ട് മണി ജനിച്ചത്. സുബ്രഹ്മണ്യന്‍ എന്ന പേര് സഹകളിക്കാരാണ് മണി എന്നാക്കി ചുരുക്കിയത്. 1969ല്‍ ഫാക്ട് സിഎംഡി എം.കെ.കെ നായര്‍ നേരിട്ടാണ് മണിയെ ഫാക്ട് ടീമിലേക്ക് തിരഞ്ഞെടുത്തത്. മണിയെത്തിയതോടെയാണ് ഫാക്ട് ടീം ഉയര്‍ച്ചയുടെ പടവുകള്‍ കേറിയത്. തൃശ്ശൂര്‍ ചാക്കോളാസ് സ്വര്‍ണ്ണക്കപ്പ്, ജിവി രാജ ട്രോഫി, കോട്ടയം മാമന്‍ മാപ്പിള ട്രോഫി, എറണാകുളം നെഹ്രു കപ്പ് എന്നിവ നേടിയത് മണിയുടെ കരുത്തില്‍ ആണ്. 1977മുതല്‍ ഫാക്ടിന്റെ പരിശീലകനും ആയിരുന്നു. ജന്മനാടായ കണ്ണൂര്‍ ഉപേക്ഷിച്ച് ഏലൂരില്‍ ഫാക്ടിനടുത്ത് ഏലൂരില്‍ സ്ഥിരതാമസമാക്കി. ഭാര്യ പരേതയായ രാജമ്മ. നാലു മക്കള്‍, ആനന്ദ്, ജ്യോതി, ഗീത, അരുണ്‍.
മണിയുടെ വിയോഗം കായിക കേരളത്തിന് തിരാ നഷ്ടം ആണെന്നു കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി എ സി മൊയ്തിന്‍ പറഞ്ഞു. മണിയുടെ ദേഹ വിയോഗത്തില്‍ മന്ത്രി അനുശോചനം രേഖപ്പെടുത്തി.