ഷിക്കാഗോയില്‍ ഈ വര്‍ഷം നടന്നത് 1002 വെടിവെപ്പുകള്‍
ഷിക്കാഗോ: യുഎസില്‍ കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതോടെ ഈ വര്‍ഷം ഇതുവരെ ഉണ്ടായ വെടിവെപ്പ് സംഭവങ്ങളുടെ എണ്ണം 1002 ആയി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നു തന്നെ ഇത്രയും സംഭവങ്ങള്‍ നടന്നിരുന്നതായി ട്രൈബ്യൂണ്‍ ഡാറ്റ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആദ്യമായാണ് ഇത്രയും വെടിവെപ്പുകള്‍ നടക്കുന്നത്. 108 പേരുടെ ജീവിതമാണ് തോക്കുകള്‍ക്ക് മുമ്പില്‍ പിടഞ്ഞു വീണത്. വെടിവെപ്പില്‍ പരുക്കേറ്റ് ജീവിതകാലം മുഴുവന്‍ നരകയാതന അനുഭവിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കഴിഞ്ഞ ദിവസം സിറ്റിയില്‍ നടന്ന പത്ത് വെടിവെപ്പുകളില്‍ 7 പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ജന്മനാട്ടില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് ഫെഡറല്‍ സൈന്യം രംഗത്തെത്തിയിട്ടും വെടിവെപ്പ് സംഭവങ്ങളില്‍ യാതൊരു മാറ്റവും കാണുന്നില്ല എന്നതു നഗരവാസികളെ പരിഭ്രമത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ മറ്റേതൊരു സിറ്റികളില്‍ നടക്കുന്നതിനേക്കാള്‍ വലിയ തോതിലാണ് ഇവിടെ ആക്രമികള്‍ അഴിഞ്ഞാടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാകുന്നില്ല എന്നതാണ് ഈ വര്‍ഷം ഇതിനകം തന്നെ ഇത്രയും സംഭവങ്ങള്‍ നടന്നത് ചൂണ്ടിക്കാണിക്കുന്നത്. ഷിക്കാഗോ മേയര്‍ ഇമ്മാനുവേല്‍ അക്രമം അമര്‍ച്ച ചെയ്യുന്നതിന് ഫെഡറല്‍ സൈന്യത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചിരുന്നു.