ആദരമര്‍പ്പിച്ച് സഭ പഴയ ഹാളില്‍, ഐക്യ കേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാര്‍ഷികം ഇന്ന്

തിരുവനന്തപുരം:ഐക്യ കേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാര്‍ഷികമാണിന്ന്.1957 ഏപ്രില്‍ 27ന് ഒരു ദിവസത്തേക്ക് മാത്രമായാണ്‌
ആദ്യ കേരള നിയമസഭയുടെ സമ്മേളനം നടന്നത്.114 നിയമ സഭാമണ്ഡലങ്ങളില്‍ നിന്നായി 126അംഗങ്ങള്‍ ഉണ്ടായിരുന്നു. സെക്രട്ടറിയേറ്റ് മന്ദിരത്തിലെ നിയമസഭാ ഹാളിലായിരുന്നു സഭ സമ്മേളിച്ചത്. 1998 ജൂണ്‍ 29നാണ് ഇവിടെ അവസാന സമ്മേളനം നടന്നത്.

ആദ്യ നിയമസഭക്ക് ആദരമര്‍പ്പിച്ച് പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് പഴയ അസംബ്ലി ഹാളില്‍ ചേര്‍ന്നു.കേരള പിറവിക്കുശേഷം നിലവില്‍ വന്ന ആദ്യ നിയമസഭക്ക് വര്‍ത്തമാന കാല നിയമസഭയുടെ ആദരമര്‍പ്പിക്കാനായി പ്രത്യേക ബില്ല് പാസാക്കും. നിയമസഭയുടെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പഴയ ഹാളില്‍ സഭ ചേരുന്നത്. ശൂന്യ വേളക്കു ശേഷം പഴയ നിയമസഭയെ അനുസ്മരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പരാമര്‍ശം നടത്തും.
അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് രാവിലെ നിയമസഭാ മന്ദിരത്തിനു മുന്നിലെ ഗാന്ധിജി, നെഹ്റു, അംബേദ്കര്‍ പ്രതിമകള്‍ക്കു മുന്നിലും, നിയമസഭാ വളപ്പിനു പുറത്തുളള ഇംഎംഎസ,് പ്രതിമക്കു മുന്നിലും സ്പീക്കറുടെ നേതൃത്വത്തില്‍ സാമാജികര്‍ പുഷ്പാര്‍ച്ചന നടത്തി. ഇഎംഎസ് പ്രതിമക്കു മുന്നിലെ പുഷ്പാര്‍ച്ചനയില്‍ നിന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ വിട്ടു നിന്നു.