പെമ്പിളൈ ഒരുമ സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം; പിന്നില്‍ സിപിഎം എന്ന് ആരോപണം

മൂന്നാറിലെ പെമ്പിളൈ ഒരുമ സമരം നടത്തുന്ന സമരപ്പന്തലില്‍ സംഘര്‍ഷം. ആം ആദ്മി പാര്‍ട്ടിയെ തള്ളി സമരനേതാവ് ഗോമതി രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായത്. സമരത്തിന് ആം ആദ്മിയുടെ പിന്തുണ വേണം. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിരാഹാരമിരിക്കേണ്ടെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.സമരത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയതിനെ തുടര്‍ന്നാണ്‌പൊമ്പിളൈ ഒരുമൈ ഇത്തരമൊരു നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പൊമ്പിളൈ ഒരുമൈ സമരത്തിന്‌ െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരം നടത്തിയിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പൊമ്പിളൈ ഒരുമൈ നിലപാട് വ്യക്തമാക്കിയത്. അതേസമയം ആം ആദ്മി പ്രവര്‍ത്തകരല്ല സാഹചര്യം മുതലെടുത്ത് സിപിഎം പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കുന്നതെന്ന് ഗോമതിയും ആം ആദ്മി പ്രവര്‍ത്തകരും പറഞ്ഞു. കുറേ ആളുകള്‍ സമരപ്പന്തലിലേക്ക് എത്തി സംഘര്‍ഷമുണ്ടാക്കുകയായിരുന്നു. എത്തിയവര്‍ സമരപ്പന്തല്‍ പൊളിക്കാനും ശ്രമിച്ചു.