ഓഹ്… പ്രിയപ്പെട്ട സകരിയാ… എന്റെ കുഞ്ഞനുജാ..
നീയെന്റെ പ്രിയതമയോടു പറയണം …
ഞാനവളെ വല്ലാതെ സ്‌നേഹിച്ചിരുന്നുവെന്ന്…
നീ അവളോട് പറയാന്‍ മറക്കരുതേ;
സ്വര്‍ഗത്തിലും അവളെ ഇണയായി ഞാന്‍ കാത്തിരിപ്പുണ്ടെന്ന്…
നീ അവളെ ഉറപ്പായും തെര്യപ്പെടുത്തണം-
എന്നെയോര്‍ത്ത് കരയരുതെന്ന്….
നീ അവളോട് ഞാന്‍ പറഞ്ഞതായി നന്ദി അറിയിക്കണം….
ഭീകരവാദിയുടെ കുടുംബമെന്ന മുദ്രകളെ പുറംകാല്‍ കൊണ്ട് ചവുട്ടിയെറിഞ്ഞതിന്…
പ്രിയ സകരിയാ… നമ്മുടെ ഖല്‍ബായ ഉമ്മയോട് നീ പറയണം ….
ഉമ്മയുടെ കണ്ണുകളിലെ പ്രതീക്ഷാനാളം കെട്ടുപോകരുതേ എന്ന് …
ഉള്ളെത്ര നൊന്താലും കണ്ണു നിറയ്ക്കല്ലേ എന്നോര്‍മിപ്പിക്കണം…
ഉമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് നീ സത്യത്തിന്റെ കരുത്തു പകരണം ….
ഓഹ്… പ്രിയപ്പെട്ട സകരിയാ… എന്റെ കുഞ്ഞനുജാ…
ഞാനെങ്ങനെയാണ് ഇവയൊക്കെ നിന്നെ ഏല്‍പിക്കുക?!
എന്നെ യാത്രയാക്കി നീ എപ്പോഴോ ആ തടവറയിരുട്ടിലേക്ക് തിരികെ കയറിയിട്ടുണ്ടാകുമല്ലേ…
സകരിയാ… നീ അറിയണം… നിന്നെ കാണാന്‍ കൊതിക്കുന്ന ഉമ്മമനസ്സിനെയോര്‍ത്ത് നീറി നീറിയാണെന്റെ ഹൃദയം നിശ്ചലമായിപ്പോയതെന്ന്…
നിന്നെ കാണാനുളള കൊതി സഫലമാക്കാന്‍ എന്റെ ഹൃദയം വിവേകത്തോടെ, സമയബന്ധിതമായാണ് നിശ്ചലമായതെന്ന്…