സൗമ്യ വധക്കേസ്:സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന് സുപ്രീം കോടതിയില്‍
ഡല്‍ഹി : സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹരജി ഇന്ന് സുപ്രീം കോടതി ഇന്ന് പരിഗണിക്കും . ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാറിന്റെ നേതൃത്വത്തിലുള്ള ആറംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ഗോവിന്ദച്ചാമിക്ക് വിചാരണ കോടതിയും ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹരജി തുറന്ന കോടതിയില്‍ വാദം കേട്ട ശേഷം കോടതി തള്ളുകയായിരുന്നു.2016 നവംബര്‍ 11നാണ് ഹരജി കോടതി തള്ളിയത്.
ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തിരുത്തല്‍ ഹരജി നല്‍കിയത്. കേസില്‍ പരസ്യവാദം വേണമെന്ന ആവശ്യവും സര്‍ക്കാര്‍ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് തിരുത്തല്‍ ഹരജി തയ്യാറാക്കിയത്. സൗമ്യയെ മാനഭംഗപ്പെടുത്തിയതും ശരീരത്തിലെ പ്രധാനപ്പെട്ട രണ്ടു മുറിവുകളില്‍ ഒന്നിന്റെ ഉത്തരവാദിയും ഗോവിന്ദച്ചാമി തന്നെയാണെന്നു കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതു ഗോവിന്ദച്ചാമിയാണെന്നതിനു തെളിവില്ലെന്നായിരുന്നു ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള കാരണമായി കോടതി വിലയിരുത്തിയത്.