നിങ്ങള്‍ക്ക് നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് സൈനികരുടെ മൃതദേഹങ്ങള്‍ക്ക് അരികില്‍ വരരുത്- രാജ്‌നാഥ് സിങിനോട് സി. ആര്‍.പി.എഫ് ജവാന്‍
- നിങ്ങളുടെ ജവാന്മാരുടെ തല പാകിസ്ഥാന്‍ അറുത്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?
- പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?
ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് സി.ആര്‍.പി.എഫ് ജവാന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പങ്കജ് മിശ്ര എന്ന സി.ആര്‍.പി.എഫ് ജവാന്‍ രാജ് നാഥ് സിങ്ങിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
‘നിങ്ങള്‍ക്ക് നാണമുണ്ടെങ്കില്‍ ആദരവ് അര്‍പ്പിക്കാനെന്നും പറഞ്ഞ് സൈനികരുടെ മൃതദേഹങ്ങള്‍ക്ക് അരികില്‍ വരരുത്’
എന്നാണ് വീഡിയോയിലൂടെ ജവാന്‍ പറയുന്നത്.സുക്മയില്‍ കഴിഞ്ഞ ദിവസം നക്‌സല്‍ ആക്രമണത്തില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജവാന്‍ രാജ് നാഥ് സിങ്ങിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
ഡി.ജി സാഹബും മറ്റ് ഉദ്യോഗസ്ഥരും സുക്മ സന്ദര്‍ശിക്കാനൊരുങ്ങുന്നുണ്ടെന്നാണ് ഞാനറിഞ്ഞത്. അവിടെപ്പോയിട്ട് ഒരു കാര്യവുമില്ലെന്നാണ് അവരോട് എനിക്കു പറയാനുള്ളത്. നിങ്ങള്‍ 2025 ബെറ്റാലിയനുകള്‍ അയക്കൂ. എന്നിട്ട് ഓപ്പറേഷന്‍ തുടങ്ങൂ. രാജ് നാഥ് സിങ്ങിനോടു പറയാനുള്ളത് നിങ്ങള്‍ ഒരു നല്ല രാഷ്ട്രീയ നേതാവെന്ന നിലയിലല്ല മുന്നോട്ടുപോകുന്നത്. നിങ്ങള്‍ ആഭ്യന്തരമന്ത്രിയായിരിക്കെ സി.ആര്‍.പി.എഫ് ജവാന്മാര്‍ കാനുകളാല്‍ മര്‍ദ്ദിക്കപ്പെടുകയാണ്. അവര്‍ രക്തസാക്ഷികളാവുകയാണ്.’ വീഡിയോയില്‍ പറയുന്നു.
സി.ആര്‍.പി. എഫ് ജവാന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
‘ഇതേ സി.ആര്‍.പി.എഫ് ജവാന്മാരാണ് അമിത് ഷായ്ക്കും മറ്റ് വി.ഐ.പികള്‍ക്കും സുരക്ഷ നല്‍കുന്നത്. നിങ്ങള്‍ക്കോ ബി.ജെ.പിക്കോ അല്ല ഞങ്ങള്‍ വോട്ടു ചെയ്തതെന്നും ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ഞങ്ങള്‍ വോട്ടു ചെയ്തത് മോദിക്കാണ്.’ അദ്ദേഹം പറയുന്നു.
നിങ്ങളുടെ ജവാന്മാരുടെ തല പാകിസ്ഥാന്‍ അറുത്തപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? പത്താന്‍കോട്ടിലെ വ്യോമതാവളം തീവ്രവാദികള്‍ ആക്രമിച്ചപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു. പങ്കജ് പ്രതിരോധ വിദഗ്ധരോട് ചോദിക്കുന്നു.
രാജ് നാഥ് സിങ് ജി നിങ്ങള്‍ക്ക് അല്പമെങ്കിലും നാണമുണ്ടെങ്കില്‍ രക്തസാക്ഷികളായ പട്ടാളക്കാര്‍ക്ക് ആദരവ് അര്‍പ്പിക്കാന്‍ വരാതിരിക്കൂ. അവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് അവരോട് ആദരവോടെ പെരുമാറൂ.‘പങ്കജ് പറയുന്നു.
മറ്റാരെയും ഭയക്കാതെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ അദ്ദേഹം മറ്റ് സി.ആര്‍.പി.എഫ് ജവാന്മാരോടും ആവശ്യപ്പെടുന്നുണ്ട്.
ഈ വീഡിയോയുടെ പേരില്‍ സി.ആര്‍.പി.എഫ് സ്വീകരിക്കുന്ന നടപടികള്‍ നേരിടാന്‍ തയ്യാറാണെന്നും ‘മരിക്കുമെന്ന ഭയമാണ് നിങ്ങള്‍ക്കെങ്കില്‍ ഓര്‍ക്കുക, ഒരിക്കല്‍ നമ്മളെല്ലാം മരിക്കേണ്ടവര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.