മാണിയുടെ മനസ് മോഹിച്ച സി.പി.എമ്മും വലത്തോട്ട് തിരിയുന്ന സി.പി.ഐയും; വരും നാളില്‍ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസും
തിരുവനന്തപുരം: വരും നാളുകളില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നത് സി.പി.ഐയും കേരള കോണ്‍ഗ്രസ് മാണിയുമോ. സി.പി.എമ്മും കോണ്‍ഗ്രസിലെ രമേശ് ചെന്നിത്തല വിഭാഗവുമാണ് ഇത്തരത്തില്‍ ചിന്തിക്കുന്നത്. സി.പി.ഐയുടെ മനസ് വലത്തോട്ടും കേരള കോണ്‍ഗ്രസിന്റെ മനസ് ഇടത്തോട്ടുമാണെന്നാണ് ഇവരുടെ വിശ്വാസം. ദേശീയ നയത്തിന്റെ ഭാഗമായാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ സഞ്ചാരമെന്ന് സി.പി.എം കരുതുന്നു. ഇൗ തിരിച്ചറിവിലാണ് സി.പി.ഐ വലത്തോട്ട് തിരിയുന്നുവെന്ന സി.പി.എം വിലയിരുത്തല്‍.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ദേശീയ വിശാലസംഖ്യത്തില്‍ സി.പി.ഐ ഉണ്ടാവുമെന്ന് ഉറപ്പാണ്. സി.പി.എമ്മിന് ഈ സഖ്യത്തില്‍ വിശ്വാസമില്ല. എന്നാല്‍, കേരളത്തിന് പുറത്ത് കോണ്‍ഗ്രസുമായി യോജിക്കുന്നതിന് സി.പി.എം സംസ്ഥാന നേതൃത്വത്തിന് വിരോധമില്ല. കേരളത്തിലെ എതിര്‍ നിലപാട് ഇരട്ടത്താപ്പാണെന്ന് സി.പി.ഐ വിലയിരുത്തല്‍. സി.പി.ഐയുടെത് വലത് മനസെന്ന സി.പി.എം നിലപാട് വരാനിരിക്കുന്ന രാഷ്ട്രീയ ഗതിമാറ്റം മുന്നില്‍ കണ്ട് തന്നെയുള്ളതാണ്.
സി.പി.ഐ മറുകണ്ടം ചാടിയാല്‍ പകരം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ കര്‍ഷക കൂട്ടായ്മയിലാണ് സി.പി.എമ്മിന്റെ കണ്ണ്. വളരെ വളരെ പ്രതീക്ഷയോടെയാണ് കൂട്ടായ്മ രൂപീകരണത്തെ സി.പി.എം നോക്കി കാണുന്നത്. നിലവില്‍ പി.സി ജോര്‍ജ്, ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗങ്ങള്‍ ഒഴികെ ക്രൈസ്തവ മേഖലയിലെ എല്ലാ സംഘടനകളും കൂട്ടായ്മയിലുണ്ട്. കെ.എം മാണിയുടെ മനസും ഇടത്തോട്ടാണെന്നും സി.പി.എം കരുതുന്നു.
മാണിക്ക് പുറമേ ജേക്കബ്, സ്‌കറിയ തോമസ് വിഭാഗങ്ങളും ഇന്‍ഫാം, പീപ്പിളുമൊക്കെയാണ് കൂട്ടായ്മയുടെ ഭാഗം. ഇന്‍ഫാം ഇടതിന് അനുകൂലമാണ്. സ്‌കറിയ തോമസ് മുന്നില്‍ നില്‍ക്കുന്നത് തന്നെ മാണിയെ എല്‍.ഡി.എഫില്‍ എത്തിക്കാന്‍ വെമ്പിയാണ്. കൂട്ടായ്മയില്‍ പങ്കെടുത്ത ചില നേതാക്കള്‍ കര്‍ഷക കൂട്ടായ്മയെ രാഷ്ട്രീയ സംവിധാനമായി മാറ്റുന്നതിനെ കുറിച്ച് മാണിയോട് ചോദിച്ചിരുന്നു. മാണി അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല.
ഏത് തരംഗത്തിലും തിരഞ്ഞെടുപ്പുകളിലെ ബാലികേറ മലയാണ് സി.പി.എമ്മിനെ സംബന്ധിച്ച് മധ്യതിരുവിതാംകൂര്‍. കേരള കോണ്‍ഗ്രസി(എം)ന്റെ പിന്തുണ സി.പി.എം എക്കാലത്തും ആഗ്രഹിക്കുന്നതുമാണ്. മാണിയാവട്ടെ യു.ഡി.എഫ് വിട്ടതോടെ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞു മാറി നില്‍പ്പാണ്. കോണ്‍ഗ്രസിലും യു.ഡി.എഫിലും നിന്നും ഇടയ്ക്കിടെ വിളി വരുന്നുണ്ട് താനും.
പക്ഷെ, രമേശ് ചെന്നിത്തല വിഭാഗത്തിന് മാണിയെ തിരിച്ചു വിളിക്കുന്നതിനോട് താല്‍പര്യമില്ല. പറ്റുന്നിടത്തൊക്കെ അവര്‍ എതിര്‍ക്കുന്നു. എന്നാല്‍, സി.പി.ഐ നേതാക്കള്‍ സി.പി.എമ്മിനെതിരേ എടുക്കുന്ന നിലപാടുകളുടെയും പ്രസ്താവനകളെയും രമേശ് ചെന്നിത്തലയും കൂട്ടരും പരസ്യമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഉമ്മന്‍ചാണ്ടിയുടെ മാണി സ്‌നേഹത്തിന് പാര പണിയുകയാണ് ചെന്നിത്തല ചെയ്യുന്നത്.
ഇത്തരം സി.പി.എം, ചെന്നിത്തല നീക്കം വരാനിരിക്കുന്ന മുന്നണി ബന്ധങ്ങളുടെ സൂചനയായാണെന്ന് കരുതുന്നവരേറെയാണ്. മാണി ഇടതിലേക്ക് പോയാല്‍ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം മറുകണ്ടം ചാടും. ജനപക്ഷവുമായി പൊരുതുന്ന പി.സി ജോര്‍ജും യു.ഡി.എഫിലേക്ക് എത്തിയേക്കാം. സി.പി.എമ്മും ചെന്നിത്തല വിഭാഗവും അങ്ങനെ മോഹം പേറി നില്‍പ്പാണ്. സി.പി.ഐയുടേയും മനസിനൊപ്പം മുന്നണി ബന്ധകളുടെ മാറ്റത്തിനായി.