പെമ്പിളൈ ഒരുമൈക്കെതിരായ ആക്രമണത്തില്‍ പണിക്കിട്ടിയത് ആദിവാസികള്‍ക്ക്

ഇടുക്കി: ഇടുക്കിയില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് നേരെ പരക്കെ ആക്രമണം. മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തിവന്ന സമരപന്തല്‍ പൊളിച്ചുനീക്കുവാന്‍ സി.പി.എം.ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ശ്രമിക്കവെ ഇടുക്കി കലക്‌ട്രേറ്റ് പടിക്കല്‍ ആദിവാസി ഗോത്രമഹാസഭ നടത്തി വരുന്ന നില്‍പ്പ് സമരപന്തലില്‍ കയറി ആദിവാസികളെ മര്‍ദ്ദിച്ചു.
ഇന്നലെ രാത്രി 11 മണിയോടുകൂടിയാണ് കലക്ട്രേറ്റിലെ സമരപന്തലില്‍ വെള്ളക്കാറിലെത്തിയ അഞ്ചംഗ സംഘം അക്രമണം നടത്തിയത്.സമര ഭടന്‍ പി.റ്റി.രാജപ്പനെ (40) അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. പന്തലില്‍ ഉണ്ടായിരുന്ന ചെട്ടി, രാധാമണി എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. സമീപത്തെ ഷെഡില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുഞ്ഞമ്മ മൈക്കിള്‍, ജോര്‍ജ്ജ് എന്നിവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികളില്‍ രണ്ട് പേര്‍ കലക്‌ട്രേറ്റിനുള്ളിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. മറ്റ് മൂന്നു പേര്‍ കാറില്‍ പൈനാവ് ഭാഗത്തേക്ക് രക്ഷപ്പെട്ടു.
ഒരു മണിക്കൂറിനു ശേഷം എത്തിയ ഇടുക്കി പൊലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അക്രമികള്‍ പരസ്പരം സാറെ എന്നു വിളിച്ചിരുന്നതായി ആക്രമണത്തിനിരയായവര്‍ പറയുന്നു. ആദിവാസി ഗോത്രമഹാസഭ ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് നില്‍പ്പ് സമരം ആരംഭിച്ചത്. സമരം ഇന്നലെ 25 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ആക്രമണമുണ്ടായത്.
മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തി വന്ന സമരപന്തലില്‍ സി.പി.എം.ഏരിയാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് അക്രമണം നടത്തി പന്തല്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ചത്. ഇത് സംഘര്‍ഷത്തിനും കാരണമായി.തുടര്‍ന്ന് പൊലീസെത്തി രംഗം ശാന്തമാക്കി. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്