ക്യൂന്‍സ് വില്ലേജില്‍ വീടിന് തീപിടിച്ചു: നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

ന്യുയോര്‍ക്ക്: ക്യൂന്‍സ് വിലേജില്‍ ഞായറാഴ്ച ഉണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടവരുടെ വിശദവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. 97 വര്‍ഷങ്ങള്‍ക്ക് മുമ്പ് വുഡ്ഫ്രെയ്മുകള്‍ കൊണ്ട് നിര്‍മ്മിച്ചതായിരുന്നു വീട്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഇരുനിലകളുള്ള രണ്ട് വീടുകള്‍ക്ക് ഇടയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീ പിടിച്ചതിനെ തുടര്‍ന്നാണ് വീട്ടിലേക്ക് തീ ആളിപടര്‍ന്നത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും, മറ്റു രണ്ടു പേര്‍ ഇവരുടെ ബന്ധുക്കളുമായിരുന്നു.

തീ ആളി പടരുന്നതു കണ്ടു സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീടിനകത്തുണ്ടായിരുന്ന കുട്ടികളെ രക്ഷപ്പെടുത്താനായില്ല. അഗ്നി ശമന സേനാവിഭാഗം എത്തി തീ അണച്ചതിനുശേഷമാണ് എല്ലാവരേയും പുറത്തെടുത്തത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും പേര്‍ ഒന്നിച്ചു വീടിനു തീ പിടിച്ചു മരിക്കുന്നതെന്ന് മേയര്‍ ഡി. ബ്ലാഡിയൊ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളെ മേയര്‍ അനുശോചനം അറിയിച്ചു.

കാറിനു തീ പിടിച്ചതെങ്ങനെയെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു. സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യുയോര്‍ക്ക് പൊലീസ് വെളിപ്പെടുത്തി. 2, 10, 16, 20, 17 വയസ്സുള്ളവരാണ് മരിച്ചവര്‍.