സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല ; കോടതി അലക്ഷ്യ ഹര്‍ജിയുമായി ടി.പി സെന്‍കുമാര്‍ കോടതിയിലേക്ക്
തിരുവനന്തപുരം: സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിക്ക് മുന്‍പേ ടി.പി സെന്‍കുമാര്‍ കോടതി അലക്ഷ്യ ഹര്‍ജിയുമായി സുപ്രീംകോടതിയിലേക്ക്. സംസ്ഥാന പോലീസ് മേധാവിയായി പുനര്‍നിയമനം വൈകുന്നതിനെതിരേയാണ് സെന്‍കുമാര്‍ കോടതിയെ സമീപിക്കുന്നത്. ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കുന്നത്.
ഇതു സംബന്ധിച്ച കോടതി അലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. സുപ്രീംകോടതി വിധിയെ സര്‍ക്കാര്‍ മാനിക്കുന്നില്ലെന്നും സര്‍വീസില്‍ നിന്നു വിരമിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കെ പുനര്‍നിയമനം വൈകിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ വീണ്ടും നീതി നിഷേധം തുടരുകയാണെന്നും കോടതിയെ ബോധിപ്പിക്കാനാണ് സെന്‍കുമാറിന്റെ തീരുമാനം.
കൂടാതെ തനിക്ക് നഷ്ടപ്പെട്ട 11 മാസത്തെ സര്‍വീസ് കാലാവധി നീട്ടി നല്‍കണമെന്നും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടേക്കും. കോടതിയോട് ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കാലാവധി നീട്ടി നല്‍കുന്ന കാര്യത്തില്‍ കോടതി തീരുമാനം പറഞ്ഞില്ല. സംസ്ഥാന പോലിസ് മേധാവി സ്ഥാനത്ത് നിന്ന് 2016 മെയ് 30 നാണ് സെന്‍കുമാറിനെ മാറ്റുന്നത്. തന്നെ മാറ്റിയതിനെതിരെ ജൂണ്‍ രണ്ടിനു സെന്‍കുമാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു പരാതി നല്‍കി.
സെന്‍കുമാറിനെ മാറ്റിയ നടപടി ശരിവച്ച ട്രൈബ്യൂണല്‍ ഉത്തരവില്‍ ഇടപെടില്ലെന്ന് ജനുവരി 25 ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ഫെബ്രുവരി 26 നു ഹൈക്കോടതി തീരുമാനത്തിന് എതിരേ സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കഴിഞ്ഞ 24 ന് സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.