ആരാണ് ശരിക്കും മേധാവി, ബെഹ്‌റ അറിഞ്ഞില്ലേ കോടതി പറഞ്ഞതൊന്നും? കൊച്ചിയിലെ പോലീസ് ഉന്നതതല യോഗത്തിലും ബെഹ്‌റ മേധാവി സ്ഥാനമലങ്കരിക്കും

കൊച്ചി: പൊലീസ് ഉന്നതതലയോഗം ഇന്ന് കൊച്ചിയില്‍. കോടതി വിധിയോടെ നിയമനത്തില്‍ വ്യക്തതയില്ലാതായ ഡി.ജി.പി. ലോകനാഥ് ബെഹ്‌റ തന്നെ പൊലീസ് മേധാവിയായി യോഗത്തില്‍ പങ്കെടുക്കും. 2016 ജൂണ്‍ ഒന്നിനായിരുന്നു ബെഹ്‌റയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതി പരാമര്‍ശം വന്ന ശേഷം നടക്കുന്ന ആദ്യ പൊലീസ് യോഗമാണിത്.

വീഴ്ച്ചകളില്‍ നിന്ന് വീഴ്ചകളിലേയ്ക്ക പോകുന്ന പൊലീസിനെ തിരുത്താന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത യോഗമാണിന്ന് കൊച്ചിയില്‍ നടക്കുന്നത്. നേരത്തെ കണ്ണൂരില്‍ ചേര്‍ന്ന യോഗത്തിന് തൊട്ടുമുന്‍പാണ് സുപ്രീംകോടതി സെന്‍കുമാറിനെ തിരിച്ചെടുക്കാന്‍ വിധിയെഴുതിയത്.
കോടതിവിധി പകര്‍പ്പ് ഔദ്യോഗികമായി സര്‍ക്കാരിന് ലഭിച്ചിട്ടും നിലപാടില്‍ മാറ്റമില്ല എന്നതാണ് ഇന്നത്തെ പോലീസ് യോഗം കാണിക്കുന്നത്. അതേ സമയം സെന്‍കൂമാര്‍ നിയമനം വൈകിപ്പിക്കുന്നു എന്നു കാണിച്ച് വീണ്ടും കോടതിയിലേക്ക് പോകാനിരിക്കുകയാണ്. ഡി.ജി.പിക്കൊപ്പം പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയും കൊച്ചി യോഗത്തില്‍ പങ്കെടുക്കും.