105 വയസ്സ്: യൂട്യൂബ് ചാനല്‍, രുചിക്കുട്ടുകളിലെ രാജ്ഞി മുത്തശ്ശി ഒരു സംഭവം തന്നെ
105 വയസ്സില്‍ എഴുന്നേറ്റു നടക്കാനാകുമോ എന്നാണ് ആദ്യം നമ്മള്‍ ചിന്തിക്കുക. അല്ലെങ്കില്‍ രോഗാതുരമായ വാര്‍ദ്ദക്യത്തെക്കുറിച്ച്. എന്നാല്‍ ഉന്മേഷമുള്ള മനസ്സുണ്ടങ്കില്‍ പ്രായം ഒന്നിനും ഒരു തടസമേ അല്ലെന്നാണ് ആന്ധ്രപ്രദേശ് സ്വദേശിനിയായ മസ്തനാമ്മ എന്ന മുത്തശ്ശിയുടെ ജീവിതം കാണിച്ചു തരുന്നത്. പാചകമാണ് 105 വയസ്സുള്ള ഈ മുത്തശ്ശിയുടെ പ്രധാന ഹോബി. യൂട്യൂബില്‍ സ്വന്തമായി ചാനലുള്ള ഈ മുത്തശ്ശിയുടെ പാചക ക്ലാസുകള്‍ സൈബര്‍ ലോകത്തെ ചര്‍ച്ചാവിഷയമാണെന്നു മാത്രമല്ല ഇതിനോടകം തന്നെ വൈറലുമാണ്. നല്ല രുചിയുള്ള കൊതിയൂറും വിഭവങ്ങള്‍ക്കായുള്ള മുത്തശ്ശിയുടെ പരീക്ഷണങ്ങള്‍ ഒരിക്കലും പാളിപ്പോകാറില്ലെന്ന് കുടുംബം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ശരി 105 വയസ്സായി എന്നും പറഞ്ഞ് തന്റെ പാചകത്തില്‍ കൈകടത്താന്‍ ആരും വരേണ്ടതില്ലെന്നാണ് മുത്തശ്ശിയുടെ നിലപാട്.
കണ്ട്രി ഫുഡ്‌സ് എന്ന പേരിട്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ ഇതുവരെ 2,48,000 ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുമുണ്ട്. വ്യത്യസ്തതയാര്‍ന്ന വിഭവങ്ങലുമായി മുത്തശ്ശി എത്തുന്നുണ്ട്. മസ്തനാമ്മയുടെ എഗ്ഗ് ദോശ ഇപ്പോള്‍ തരംഗമാണ്. നിര്‍മ്മാണത്തിലെ വൈവിധ്യം കൊണ്ട് തന്നെ മുത്തശ്ശിക്ക് ആരാധകരേറെയാണ്.