പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി; നേതാക്കള്‍ ആശുപത്രിയില്‍, സമരം തുടരുമെന്ന് മുന്നറിയിപ്പ്

മൂന്നാര്‍: മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗത്തിനെതിരെ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പൊമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതിയെയും കൗസല്യയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ ആശുപത്രിലേക്ക് മാറ്റി. ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി പറഞ്ഞു.

സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ നേതാക്കളുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് പോലിസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സമരവേദിയില്‍ ഗോമതിക്ക് ഡ്രിപ്പ് നല്‍കാനുള്ള നടപടികള്‍ ഡോക്ടര്‍മാര്‍ നടത്തുമ്പോഴാണ് പോലിസ് നടപടി.

സമരം ചെയ്യുന്ന ഗോമതിയടക്കമുള്ള നേതാക്കളെ വലിച്ചിഴച്ചാണ് പോലിസ് സമരപ്പന്തലില്‍ നിന്നും നീക്കം ചെയ്തത്. പൊമ്പിളൈ ഒരുമൈ നേതാക്കളെ പോലിസ് മാറ്റുമ്പോള്‍ താന്‍ അടക്കമുള്ള നേതാക്കള്‍ക്ക് ഉപദ്രവം ഏറ്റതായി സമരപ്പന്തലില്‍ ഉള്ള കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.