പീഢനക്കോസിലെ പ്രതിയും മുന്‍ യുപി മന്ത്രിയുമായ പ്രജാപതിക്ക് ജാമ്യം നല്‍കിയ ജഡ്ജിക്കു സസ്‌പെന്‍ഷന്‍
ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഗായത്രി പ്രജാപതിക്ക് ജാമ്യം നല്‍കിയ പോക്‌സോ കോടതി ജഡ്ജിക്ക് സസ്‌പെന്‍ഷന്‍.അലഹബാദ് ഹൈകോടതി ഭരണസമിതിയാണ് ജഡ്ജിയെ സസ്‌പെന്റ് ചെയ്തത്. ജഡ്ജിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പ്രജാപതിക്ക് ജാമ്യം അനുവദിച്ചത്.
അലഹബാദ് ഹൈകോടതിയുടെ ലക്‌നൗ ബെഞ്ച് ഉത്തര്‍ പ്രദേശ് മുന്‍ മന്ത്രി കൂടിയായ ഗായത്രി പ്രജാപതിക്ക് പോക്‌സോ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു. നിസവിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രജാപതിയുടെ ജാമ്യം റദ്ദാക്കിയത്. പീഡനത്തിനിരയായ യുവതിയുടെ പരാതിയിലായിരുന്നു മുന്‍ മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.49 കാരനായ മന്ത്രിയും ആറ് കൂട്ടു പ്രതികളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നും ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്.
യുവതിയുടെ പരാതിയില്‍ ഇയാളടക്കമുള്ള ആറ് പേര്‍ക്കെതിരെയായിരുന്നു കേസ് ചുമത്തിയിരുന്നത്. തുടര്‍ന്ന് ലക്‌നൗവില്‍ വെച്ച് പ്രജാപതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച പോക്‌സോ കോടതി മന്ത്രിക്കെതിരെയുള്ള പരാതി തള്ളുകയും രാഷ്ട്രീയ വൈരാഗ്യം വെച്ചായിരുന്നു അറസ്റ്റെന്നു ചൂണ്ടിക്കാട്ടി ഇയാള്‍ക്ക് കഴിഞ്ഞയാഴ്ച ജാമ്യം നല്‍കുകയുമായിരുന്നു.