പുതിയ കാലത്തെ പോസ്റ്റ് പെട്ടി ജീവിതങ്ങള്‍.
രണ്ടായിരത്തിനു ശേഷം ജനിച്ചവര്‍ ഇതു വായിച്ചിട്ട് ദേശ്യപ്പെടരുതു.
നാട്ടു കവലകളിലെ പീടികത്തൂണില്‍ തൂങ്ങി കിടക്കുന്നൊരു പോസ്റ്റ് പെട്ടിയുണ്ട്.
കാണുമ്പോഴെല്ലാം ഒരു നൊസ്റ്റാള്‍ജിയ മനസ്സില്‍ ഹിമകണത്തണുപ്പു പോലെ അരിച്ചു കയറുന്നു..
ഇന്‍ലന്റ്കളും,എയിര്‍മെയിലും,
കവറുകളും,കാര്‍ഡുകളും
എത്ര കണ്ണീരും കിനാവും പറഞ്ഞിട്ടുണ്ടാവും ഈ പോസ്റ്റ് പെട്ടിയോട്…!?
കടലുകള്‍ക്കപ്പുറം കനല്‍ പൂത്ത കല്‍ബുമായിരിക്കുന്ന പുതുമാരനോട് കണ്ണീരിന്റെ മുത്തു മാല കോര്‍ത്ത കുറിമാനങ്ങള്‍.
കടലാസു പെന്‍സില്‍ വായിലിട്ടു കടിച്ചു ഇടക്കിടെ ഓര്‍ത്തു എഴുതും.
‘ഒബില്ലാഹി തൗഫീഖ്,
എത്രയും സ്‌നേഹം നിറഞ്ഞ
…..വായിച്ചറിയുവാന്‍…..എഴുതുന്നത്.എനിക്കും കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും ഇവിടെ സുഖം തന്നെ.അതിലുപരിയായി അവിടെ നിങ്ങള്‍ക്കും സുഖം എന്നു കരുതുന്നു…..’
മണിക്കൂറുകള്‍ ദിവസങ്ങളിലേക്കു നീണ്ട കുടുംബ കത്തുകള്‍.
കണ്ടു മുട്ടിയ പ്രണയം തുറന്ന് പറയാനാവാതെ വരികളില്‍ ഹൃദയം ഒളിപ്പിച്ച മേഘ സന്ദേശങ്ങള്‍..
അങ്ങനെയങ്ങനെ എല്ലാം എല്ലാം തന്റെ നെഞ്ചിലൊളിപ്പിച്ചു തപം ചെയുന്ന മുനിയെപ്പോലെ പോസ്റ്റ് പെട്ടി..
മഴ തകര്‍ക്കുന്ന രാത്രിയിലും,
വേനല്‍ കത്തുന്ന പകലിലും നിസ്സംഗമായി അവന്‍ തൂങ്ങി നിന്നു..
തോളില്‍ സഞ്ചി തൂക്കി പോസ്റ്റ്മാന്‍ വരും.
വാ തുറന്നു ഗര്‍ഭയറയില്‍ ഒതുക്കി
വെച്ചതെല്ലാം വാരിയെടുത്തു കൊണ്ട് പോകും.
എത്ര സ്വപ്നങ്ങളാകും പാവം പോസ്റ്റ് പെട്ടി തന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു കാണുക.
പോസ്റ്റ് പെട്ടിയും പോസ്റ്റുമാനും
ഇന്നൊരു സുഖ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയാണ്.
വിദൂരങ്ങളില്‍ നിന്നും കൊണ്ട് വരുന്ന കുറിമാനങ്ങള്‍.അയാളെ കാണുന്നത് പോലും ആഹ്ലാദമായിരുന്നു.
പോസ്റ്റുമാന്‍ വരുന്ന നേരമായാല്‍ നാട്ടിടവഴിയിലേക്കു കണ്ണും പാര്‍ത്തിരിക്കും.
വരാന്‍ വൈകുന്ന ഓരോ മിനിറ്റിനും
യുഗ ദൈര്‍ഗ്യമായിരുന്നു.
കടല്‍ കടന്നെത്തുന്ന അത്തറു
മണമുള്ള കത്തിനു ജീവന്റെ വിലയുണ്ടായിരുന്നു.
ഒരുമാസം മുമ്പെഴുതിയ കത്തിന്റെ മറുപടി കാത്തു വേഴാമ്പലിനെ പോലെ കാത്തിരുന്ന നാളുകള്‍.
ആ പ്രദീക്ഷയിലേക്കാണു പോസ്റ്റ്മാന്‍ നടന്നു വരുന്നത്..
ഞാനും കാത്തിരുന്നിട്ടുണ്ട് പോസ്റ്റുമാനെ.
അതു ഗള്‍ഫിലെ കത്തിനായിരുന്നില്ല.
എന്റെ അടുത്ത കുടുംബത്തിലാരും അന്നുമിന്നും ഗള്‍ഫിലില്ല.
തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെ സഹപാടിയായിരുന്നു സത്താര്‍ ആദൂര്‍,ഷജീബു പടിയൂര്‍ എന്നിവര്‍.അവര്‍ എന്റെ നാട്ടിലെ ഹോസ്റ്റല്‍ സ്റ്റുഡന്‍സായിരുന്നു.അവര്‍ പിരിഞ്ഞു പോയപ്പോള്‍ കത്തുകളുടെ ഒരൊഴുക്കായിരുന്നു.എത്രയോ രാവുകളില്‍ ഞാന്‍ അവര്‍ക്കായി എഴുതിക്കൊണ്ടേയിരുന്നു.
കുട്ടിക്കാലത്തെ ഓരോ കുതൂഹുലങ്ങള്‍..
ഇന്നും അവര്‍ ആ കത്തുകള്‍ സൂക്ഷിക്കുണ്ട്.അവരുടെ ഞാനും.ഈ സത്താര്‍ ആദൂര്‍ ഇന്ന് ഗിന്നസ് ബുക് ഓഫ് റെക്കോര്‍ഡ് ഉടമയാണ്.ഹൈക്കു കവിതകളുടെ
രാജാവാണ്.
എഴുത്തു പെട്ടിയോടുള്ള പ്രണയം ഇപ്പോഴും തീര്‍ന്നിട്ടില്ല.ഏറ്റവും അടുത്ത
സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും ഞാന്‍ കത്താണ് എഴുതാറുള്ളത്.
പണ്ട് ഇന്‍ലാണ്ടുകളില്‍ കുനു കുനാ
കുത്തിക്കുറിച്ചത് ഇന്ന് എ ഫോര്‍ ഷീറ്റിലേക്കു മാറി എന്നുമാത്രം. മുതിര്‍ന്നപ്പോഴും കത്തെഴുത്തു നിര്‍ത്തിയില്ല.സാഹിത്യകാരന്‍ ലത്തീഫ് നെല്ലിചോട് എന്റെ സുഹൃത്തു കവി കൂടിയായ ഷെഫീഖ് ഫൈസി കായംകുളം,ഗഫൂര്‍ പുത്തനഴി എന്റെ എഴുത്തു കിട്ടി ഞെട്ടിയ കൂട്ടത്തില്‍ പെട്ടയാളുകളാണ്.
പറഞ്ഞു വരുന്നത് പോസ്റ്റുമാനും പോസ്റ്റു പെട്ടിയും നമ്മുടെ ഓര്‍മകളിലേക്ക് വിടവാങ്ങിക്കഴിഞ്ഞു എന്നാണ്.
രണ്ടായിരമാണ്ടോടെ മൊബൈല്‍ ഫോണിന്റെ വിപ്ലവത്തിന് നമ്മുടെ നാട്ടുമ്പുറങ്ങള്‍ പോലും സാക്ഷ്യം വഹിച്ചു.
പതിയെ കത്തുകള്‍ നിഷ്‌ക്രമിച്ചു.
സംസാര സഹായി എന്നതിനപ്പുറം മൊബൈല്‍ ഫോണുകള്‍ ഇന്ന് ബഹുവിധ ഉപയോഗ സഹായിയായി മാറി.
ആശയ സംവേദനങ്ങള്‍ക്കു സോഷ്യല്‍ മീഡിയ വമ്പിച്ച മാറ്റങ്ങളുണ്ടാക്കി.
ഫേസ്ബുക്ക്,വാട്സ്ആപ്പ്,എല്ലാം സൗഹൃദ വലയങ്ങളെ വിശാലമാക്കി.
കീ ബോര്‍ഡിലെ ഒരു അമര്‍ത്തലിനപ്പുറം സുഹൃത്തിന്റെ ഇന്‍ബോക്സ് ചിലക്കും.ഗള്ഫിലേക്കെഴുതിയ കത്തിന് ഒരു മാസത്തെ കാത്തിരിപ്പിന്റെ പേറ്റ് നോവനുഭവികേണ്ട ഇന്ന്.
ഐ. എം ഒ യില്‍ പ്രിയന്റെ മുഖം തെളിയാന്‍
നിമിഷര്‍ദ്ധം മതി..
പക്ഷെ,
സൗഹൃദങ്ങള്‍ക്കെല്ലാം പഴയ കാലത്തെ ഊഷ്മളതയുണ്ടോ.?
ഉപരിപ്ലവമായ ‘ഹായ്..’വിളികളില്‍ തീരുന്ന നിമിഷ ദൈര്‍ഗ്യമുള്ള സ്‌നേഹങ്ങളാണ് ഇന്ന് ആഘോഷിക്കപ്പെടുന്നത്.
ഫേസ് ബുക്കിലെ ഫ്രന്‍ഡ്ലിസ്റ്റില്‍ ദൂരെ ഉഗാണ്ടയിലുള്ളവരുണ്ടാകാം,
പക്ഷെ തൊട്ടടുത്ത വീട്ടിലെ കാരണവരെ നമുക്കറിയില്ല.
അതേ പോസ്റ്റുമാനും പോസ്റ്റ് പെട്ടിയും നമ്മുടെ ജീവിതവുമായി സുഖ ദുഃഖങ്ങളുമായി എന്തു മാത്രം കെട്ടു പിണഞ്ഞിരുന്നു എന്നാലോചിക്കുപ്പോള്‍ ഉള്ളിലെവിടയോ ഒരു നൊമ്പരം ചുരമാന്തുന്നു.അറിയാതെ എന്റെ കണ്ണുകള്‍ സജലമാകുന്നു…
ഇന്ന്,
സമൂഹം ഒരു പോസ്റ്റ് ബോക്‌സിലെ കത്തുകള്‍ പോലെ ആയി മാറി എന്നു പറയാനാണ് ഇത്രയും കുറിച്ചത്.
നോക്കൂ..
പോസ്റ്റ് ബോക്‌സില്‍ കത്തുകള്‍,ഇന്‍ലണ്ടുകള്‍,
കവറുകള്‍,കാര്‍ഡുകള്‍ എല്ലാം ഒന്നിന് മുകളില്‍ ഒന്നായി ചേര്‍ന്നു ,ചേര്‍ന്നാണ് കിടക്കുന്നതു.
ഓരോന്നിലും സന്തോഷവും സങ്കടവും,
പ്രദീക്ഷയും,നിരാശയും എല്ലാം ഉണ്ട്.
പക്ഷെ ചരിത്രത്തില്‍ ഇന്ന് വരെ ഒരു ഒരു ഇന്‍ലണ്ടും തന്റെ ഉള്ളിലെ വേദന തൊട്ടടുത്തുള്ള കവറിനോട് പറഞ്ഞിട്ടില്ല.
ഒരു കാര്‍ഡും തന്റെ ആഹ്ലാദം അടുത്തു കിടക്കുന്ന എര്‍മെയിലിനോട് പറഞ്ഞിട്ടില്ല.
എന്നാലോ ഒന്നിന് മുകളിലൊന്നായി ചേര്‍ന്നു കിടക്കുന്ന പോസ്റ്റ് ബോക്‌സില്‍.
നമ്മുടെ സമൂഹവും അതു പോലായി.
ചേര്‍ന്നിരിക്കുംബോഴും സങ്കടങ്ങള്‍ പങ്കുവെക്കനോ,സന്തോഷങ്ങള്‍ ഷെയര്‍ ചെയ്യാനോ നമുക്കാവുന്നില്ല..!
ചേര്‍ന്നിരിക്കുംബോഴും പരസ്പരം കാണാനാവാത്ത
അദൃശ്യമായ മതിലുകള്‍ നമുക്കിടയില്‍ ആരോ പണിതു വെച്ചിരിക്കുന്നു..!
https://www.facebook.com/basheerfaizy.deshamangalam/posts/1276763505754014