ഇസ്ലാമോഫോബിയ വ്യാപകമാവുകയാണെങ്കില്‍ മുസ്ലിം വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബ് ധരിക്കുക: ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്‌സാണ്ടര്‍ ഫാന്‍ ദേര്‍ ബെല്ലന്‍

വിയന്ന: മുസ്ലിം വനിതകള്‍ ഹിജാബ് ധരിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഓസ്ട്രിയയുടെ പ്രസിഡന്റ് അലക്‌സാണ്ടര്‍ ഫാന്‍ ദേര്‍ ബെല്ലന്‍. അന്തരാഷ്ട മാധ്യമങ്ങള്‍ അടക്കം സംഭവം വന്‍ പ്രാധ്യാനത്തോടെ റിപ്പോര്‍ട്ട് ചെയ്തു. പരാമര്‍ശം ഇതിനകം തന്നെ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഫാന്‍ ദേര്‍ ബെല്ലന്റെ സ്ഥാനാരോഹണത്തിന്റെ നൂറാം ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഹിജാബ് ധരിക്കുക എന്നത് ഓരോ സ്ത്രീയുടെയും അവകാശമാണ്, അവരുടെ അവകാശമാണ് ഈ വിഷയത്തില്‍ മുഖ്യമായി പരിഗണിക്കേണ്ടതെന്ന് അഭിപ്രയാപ്പെട്ടത്. ഇസ്ലാമോഫോബിയ വ്യാപകമാവുകയാണെങ്കില്‍ മുസ്ലിം വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വേണ്ടിവന്നാല്‍ മറ്റുള്ളവര്‍ ഒരു ദിവസം ഹിജാബ് ധരിച്ചു കാണിക്കണമെന്നു വരെ പറയേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഹിജാബ് ധരിക്കുക എന്നത് ഓരോ സ്ത്രീയുടെയും അവകാശമാണ്. ഇഷ്ടപ്പെട്ടത് ധരിക്കാനുള്ള അവകാശം അവള്‍ക്കുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് എന്റ അഭിപ്രായം ഇതാണ്. അതേസമയം മുസ്ലീം വനിതകള്‍ക്ക് മാത്രമല്ല, ഏത് സ്ത്രീക്കും ഹിജാബ് ധരിക്കാം. ഇസ്ലാമോഫോബിയ ഇങ്ങനെ വ്യാപകമാവുകയാണെങ്കില്‍, അടുത്ത ചോദ്യത്തിനുത്തരമായി, മതപരമായ കാരണങ്ങളാല്‍ ഹിജാബ് ധരിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ സ്ത്രീകളോടും ഹിജാബ് ധരിക്കണമെന്ന് നമ്മള്‍ അഭ്യര്‍ത്ഥിക്കേണ്ട ഒരു ദിവസം വരും”, അലക്‌സാണ്ടര്‍ ഫാന്‍ ദേര്‍ ബെല്ലന്‍ അഭിപ്രായപ്പെട്ടു.

ജോലി സ്ഥലത്തും പൊതു ഇടങ്ങളിലും മുസ്ലിം വനിതകള്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ ഓസ്ട്രിയയില്‍ കഴിഞ്ഞ കുറെ നാളുകളായി നടന്നിരുന്നു. പൊതു സ്ഥലങ്ങളിലും, ജോലിയിടങ്ങളിലും ഹിജാബ് ധരിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണ് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യന്‍ കുര്‍ത്സ് അഭിപ്രായപ്പെട്ടിരുന്നത്.