ഒരു കോടി രൂപ, 40 തോക്കുകള്‍, 117 കിലോ മാനിറച്ചി പിടിച്ചെടുത്തത് റിട്ട.കേണലിന്റെ വീട്ടില്‍നിന്നും

ലക്‌നൗ: ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് കേണലായി വിരമിച്ച ദേവീന്ദ്ര കുമാറിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപ മതിപ്പു വരുന്ന വസ്തുക്കള്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഡയറക്ടറേറ്റ് ഓഫും റവന്യു ഇന്റലിജന്‍സും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച വസ്തുക്കളുടെ വിവരം പുറത്ത് വന്നത്.

ഒരു കോടി രൂപ, 40 തോക്കുകള്‍, 50,000ല്‍ അധികം തിരകള്‍, 117 കിലോ മാനിറച്ചി, വന്യ മൃഗങ്ങളുടെ തലയോടുകള്‍, കൊമ്പുകള്‍, പുലിത്തോല്‍ തുടങ്ങിയവയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ റിട്ടയര്‍ഡ് കേണലിന്റെ വീട്ടില്‍ പരിശോധനയ്ക്കായെത്തിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ വരെ പരിശോധന നീണ്ടു
ദേവീന്ദ്ര കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് നിലവിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായെത്തിയത്. ലൈസന്‍സ് ഇല്ലാത്ത തോക്കുകളാണ് കേണലിന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത്.