ഗുജറാത്തില്‍ നിന്നും പിന്‍വാങ്ങി ആം ആദ്മി : പുതിയ രാഷ്ട്രീയ നീക്കം എന്തിനുവേണ്ടി?…

ഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കില്ല.ഡല്‍ഹി ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പാര്‍ട്ടിയുടെ സ്വാധീനം ഡല്‍ഹിയില്‍ വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് തീരുമാനം. ദേശീയതലത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കും. ഏതൊക്കെ സംസ്ഥാനത്ത് മത്സരിക്കണമെന്നത് കൂടുതല്‍ പരിശോധനകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.

എ.എ.പിയുടെ ഗുജറാത്ത് ചുമതലക്കാരന്‍ ഗോപാല്‍ റായിയെ പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം കണ്‍വീനറായി നിയമിക്കാന്‍ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. ഡല്‍ഹി തൊഴില്‍ മന്ത്രി കൂടിയാണ് ഗോപാല്‍ റായി.

പഞ്ചാബ്, ഗോവ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും എ.എ.പിയുടെ പ്രതീക്ഷകള്‍ തകര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ നയ രൂപീകരണത്തില്‍ പിഴവു വന്നതായി അരവിന്ദ് കേജ്‌രിവാള്‍ തന്നെ രംഗത്ത് വന്നിരുന്നു. പിഴവ് വൈകാതെ തിരുത്തുമെന്നും കേജ്‌രിവാള്‍ തന്റെ ട്വീറ്റില്‍ കുറിച്ചിരുന്നു.