നടി ലിസിയുടെ പിതാവ് വര്‍ക്കി അന്തരിച്ചു വിവാദങ്ങളും ; അവസാനമായി ഒരു നോക്ക് കാണുവാന്‍ ലിസി എത്തിയില്ല

വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ വര്‍ക്കി യാത്രയായി. പ്രശസ്ത സിനിമാ താരമായ ലിസിയുടെ പിതാവ് എന്ന പേരില്‍ വാര്‍ത്തകളില്‍ സ്ഥാനം നേടിയ നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന് അറിയപ്പെട്ടിരുന്ന എന്‍ഡി വര്‍ക്കി(75) ആണ് അന്തരിച്ചത്. മകളില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോള്‍ ആണ് ലോകം ഇക്കാര്യം അറിയുന്നത്. ഡിഎന്‍എ പരിശോധന വരെ എത്തിയ സംഭവത്തില്‍ ഒരിക്കല്‍ പോലും അച്ഛനെ അംഗീകരിക്കുവാന്‍ ലിസി തയ്യാറായിരുന്നില്ല. അവസാന നാളുകളില്‍ എങ്കിലും മകള്‍ തന്റെ അരികില്‍ എത്തുമെന്ന് വര്‍ക്കി വിശ്വസിച്ചിരുന്നതായി സഹോദരന്‍ പറയുന്നു. തനിക്കൊപ്പം ജോലി ചെയ്തിരുന്ന ഏലിയാമ്മയെ ആയിരുന്നു പാപ്പച്ചന്‍ വിവാഹം ചെയ്തിരുന്നത്. ഇതില്‍ പിറന്ന മകളാണ് ലിസി. എന്നാല്‍ പിന്നീട് പാപ്പച്ചനും ഏലിയാമ്മയും വേര്‍പിരിഞ്ഞു. കൊടിയ ദാരിദ്ര്യത്തിലായിരുന്നു പാപ്പച്ചന്‍. മകള്‍ ലിസിയാകട്ടെ സമ്പന്നയും. ഈ സഹാചര്യത്തിലായിരുന്നു മകളില്‍ നിന്ന് ജീവനാംശം തേടി പാപ്പച്ചന്‍ രംഗത്തിറങ്ങിയത്. മകള്‍ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥയില്‍ ആയതിനാല്‍ പാപ്പച്ചന് ജീവനാംശം നല്‍കണം എന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ലിസി തയ്യാറായില്ല. പാപ്പച്ചന്‍ തന്റെ അച്ഛനല്ലെന്ന് പോലും പറയുന്ന സ്ഥിതിയുണ്ടായി. തന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ പിതാവിന്റെ പേര് ജോര്‍ജ്ജ് ആണെന്ന് ലിസി പറഞ്ഞു. ഒടുവില്‍ കേസ് ഹൈക്കോടതിയില്‍ എത്തി. പിതൃത്വം തെളിയിക്കാന്‍ ലിസി ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകണം എന്ന് കോടതി ഉത്തരവിടുകയും ചെയ്തു. അതേസമയം ഒരു പിതാവ് എന്ന നിലയില്‍ തന്നെ ഒരു കാലത്തും സ്‌നേഹിക്കുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലാത്ത ആളെ താന്‍ എന്തിന് സഹായിക്കണം എന്നായിരുന്നു ലിസിയുടെ ചോദ്യം. ഒരിക്കല്‍ മകളെ കാണുവാന്‍ ചെന്ന തന്നെ മകള്‍ ഗുണ്ടകളെ വിട്ടു അടിച്ചോടിച്ചതായും വര്‍ക്കി പറഞ്ഞിരുന്നു.