ബാഹുബലിക്ക് 2നു വേണ്ടി രാജമൌലി ഒരുക്കിയത് നാല് ക്ലൈമാക്സ്‌ രംഗങ്ങള്‍ ; അതിന്‍റെ മാത്രം ചിലവ് 30 കോടി

ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബ്രഹ്മാണ്ട ചിത്രമായ ബാഹുബലിക്ക് വേണ്ടി സംവിധായകന്‍ രാജമൌലി നാല് ക്ലൈമാക്സ് രംഗങ്ങള്‍ തയ്യാറാക്കിയിരുന്നു എന്ന് റിപ്പോര്‍ട്ട്. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് മുഖ്യ രംഗമായ ക്ലൈമാക്സ് പുറത്താകുമോ എന്ന ഭയം കാരണമാണ് അദ്ധേഹം ഇത്തരത്തില്‍ വ്യത്യസ്ത ക്ലൈമാക്സുകള്‍ ഷൂട്ട്‌ ചെയ്തത്. അങ്ങനെ സംഭവിച്ചാല്‍ അവസാന നിമിഷം അത് മാറ്റി പുതിയ രംഗങ്ങള്‍ ചേര്‍ക്കുവാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

മുപ്പത് കോടി രൂപയാണ് ക്ലൈമാക്സ് രംഗങ്ങള്‍ക്ക് മാത്രമായി ചിലവായത്. ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമായി മാറിയ ചിത്രം ഇതുവരെ 500 കോടി നേടിയതായി ബോളിവുഡ് സിനിമാ പോര്‍ട്ടലുകള്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ 385 കോടി നേടി കഴിഞ്ഞു. ഇങ്ങനെ പോയാല്‍ ആദ്യമായി ആയിരം കോടി നേടുന്ന ഇന്ത്യന്‍ സിനിമയായി ബാഹുബലി 2 മാറും. സല്‍മാന്‍ , അമീര്‍ എന്നിവരുടെ ചിത്രങ്ങളുടെ കളക്ഷന്‍ റിക്കാര്‍ഡ് ആകും ഇതോടെ പഴങ്കഥയാകുന്നത്. 400 കോടിയാണ് ബാഹുബലി ചിത്രങ്ങളുടെ മൊത്തം ചിലവ്. ആദ്യഭാഗം 615 കോടി നേടിയിരുന്നു. 20 കോടിയാണ് ആദ്യഭാഗത്തിന് മാത്രം നായകനായ പ്രഭാസ് വാങ്ങിയ പ്രതിഫലം. രണ്ടാം ഭാഗത്തിന്‍റെ പ്രതിഫലതുക ഇതുവരെ പുറത്തുവിട്ടിട്ടില്ല.