കല്യാണത്തിന് ബാന്‍ഡ് മേളം വെച്ചു; ദളിതരുടെ കിണറ്റില്‍ സവര്‍ണ്ണര്‍ മണ്ണെണ്ണ കലക്കി

ഭോപ്പാല്‍ : ദളിത് സമുദായക്കാരനായ വ്യക്തിയുടെ മകളുടെ കല്യാണത്തിന് ബാന്‍ഡ് മേളം വെച്ചതില്‍ രോഷാകുലരായ സവര്‍ണ്ണ ജാതിക്കാര്‍ ദളിതര്‍ വെള്ളമെടുക്കുന്ന പൊതുകിണറ്റില്‍ മണ്ണെണ്ണ കലക്കി. മധ്യപ്രദേശിലെ മാഡ ഗ്രാമത്തിലാണ് സംഭവം. അഞ്ഞൂറോളം ദളിതര്‍ ഉപയോഗിക്കുന്ന കിണറ്റിലാണ് മേല്‍ ജാതിക്കാര്‍ മണ്ണെണ്ണ കലക്കിയത്. ദളിത് സമുദായക്കാരനായ ചന്ദര്‍ മേഘ്‌വാളിന്റെ മകള്‍ മംമ്തയുടെ വിവാഹത്തിന് ബാന്‍ഡ് മേളം ഉപയോഗിച്ചതിന്റെ പ്രതികാരമായാണ് മണ്ണെണ്ണ കലക്കിയത്. തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട ആഘോഷങ്ങള്‍ മകളുടെ വിവാഹത്തിന് ഉപയോഗിച്ചാല്‍ കിണറ്റില്‍ നിന്നും വെള്ളം തരില്ലെന്നും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്നും മേല്‍ജാതിക്കാര്‍ നേരത്തെ മേഘ്‌വാളിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഭീഷണി വകവയ്ക്കാതെയാണ് അദ്ദേഹം മകളുടെ വിവാഹം നടത്തിയത്.  മേല്‍ജാതിക്കാരുടെ ഭീഷണിയെ തുടര്‍ന്ന് പോലീസ് കാവലിലാണ് വിവാഹം നടന്നത്. എന്നാല്‍ പോലീസ് സംഘം പോയതോടെ മേല്‍ജാതിക്കാര്‍ കിണറ്റില്‍ മണ്ണെണ്ണ കലക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നുമാണ് ദളിതര്‍ വെള്ളം കൊണ്ടുവരുന്നത്.മേല്‍ജാതിക്കാരുടെ വിവാഹത്തിന് മാത്രമാണ് ബാന്‍ഡ് മേളം നടക്കുന്നത്. മാത്രമല്ല വിവാഹ വേദിയിലേക്ക് വരന്‍ ബൈക്കില്‍ വന്നതും മേല്‍ജാതിക്കാരെ പ്രകോപിപ്പിച്ചതായി ദളിതര്‍ പറയുന്നു.