എടത്വാ പള്ളി തിരുനാള്‍; ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം നിരീക്ഷിക്കാന്‍ വിമുക്ത ഭടന്‍മാരുടെ കര്‍മ്മ സേന
എടത്വാ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ തിരുനാളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം പരമാവധി പ്രാബല്യത്തില്‍ ആക്കുന്നതിനും തിരുനാളില്‍ എത്തുന്ന ജനലക്ഷങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇടവകയിലെ വിമുക്ത ഭടന്‍മാര്‍ രംഗത്ത്.
പോലീസ് സേനയെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയെയും സഹായിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഇടവകയിലെ 92 വിമുക്കഭന്‍മാരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 51 പേരടങ്ങുന്ന സംഘമാണ് കര്‍മ്മനിരതരായിരിക്കുന്നത്.
ഈ കര്‍മ്മ സേന പള്ളി പരിസരത്ത് നിര്‍മ്മിച്ച 30,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വ്യാപാര പന്തലിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ സന്ദര്‍ശിച്ച് പരിശോധിക്കും. ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുന്നതോടൊപ്പം തുടര്‍ ടെന്‍ഡറില്‍ ഇത്തരത്തില്‍ ഉള്ളവരെ ഒഴിവാക്കുക കൂടി ചെയ്യും.
ഈ വര്‍ഷത്തെ തീര്‍ത്ഥാടകരുടെ ബാഹുല്യം കണക്കിലെടുത്ത് അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കുവാനുള്ള എല്ലാവിധ മുന്‍കരുതലും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. താത്ക്കാലിക പോലീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തിരുനാള്‍ മേഖല ക്യാമറ നിരീക്ഷണത്തിലുമാണ്.
ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യംവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ ജോ: കണ്‍വീനര്‍ ജയന്‍ ജോസഫ്, ജെ.ടി.റാംസെ, ആന്റോ അല്‍ഫോണ്‍സ് എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍മ്മ സേനയ്ക്ക് നല്‍കി.
പ്രകൃതി സൗഹാര്‍ദ്ധ തിരുനാളിന് പിന്തുണ പ്രഖ്യാപിച്ച വിമുക്ത ഭടന്‍മാരെ വികാരി റവ. ഫാദര്‍ ജോണ്‍ മണക്കുന്നേല്‍, ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ മണക്കളം, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള എന്നിവര്‍ അഭിനന്ദിച്ചു.