എടത്വാ പള്ളിയിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനത്തെ അഭിനന്ദിച്ച് ചരിത്രത്തില്‍ ആദ്യമായി കേരള മന്ത്രി സഭയില്‍ കുട്ടനാടിനെ പ്രതിനിധികരിച്ച ആദ്യ മന്ത്രി തോമസ് ചാണ്ടി
എടത്വാ: ചരിത്രത്തില്‍ ആദ്യമായി കേരള മന്ത്രിസഭയില്‍ കുട്ടനാടിനെ പ്രതിനിധികരിച്ച ആദ്യ മന്ത്രി തോമസ് ചാണ്ടി എടത്വാ പള്ളി സന്ദര്‍ശിച്ചു. വികാരി ഫാ.ജോണ്‍ മണക്കുന്നേലും തിരുനാള്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിനെയും അമ്പലപുഴ തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന പളളിയിലേക്ക് ഉള്ള റോഡുകളുടെ അറ്റകുറ്റപണിക്ക് 70 ലക്ഷം രൂപ അനുവദിക്കുകയും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ അപകടാവസ്ഥയിലായ പള്ളി പാലം ടൂറിസം മേഖലയില്‍ ഉള്‍പെടുത്തി പുതുക്കി പണിയുമെന്നും പ്രഖ്യാപിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനത്തെ അഭിനന്ദിക്കുകയും ചെയ്തു.
സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി തിരുനാളിനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഗ്രീന്‍ പ്രോട്ടോക്കോള്‍ സംവിധാനം നിരീക്ഷിക്കാന്‍ ജില്ലാശുചിത്വ മിഷന് ഉദ്യോഗസ്ഥരും പള്ളിയിലെത്തി. ഡപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണര്‍ ബിജോയ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. പ്ലാസ്റ്റിക്ക് കയറിന് പകരം തിരുനാള്‍ പതാക ഉയര്‍ത്തുവാന്‍ പട്ടുനൂല്‍ ഉപയോഗിച്ചതും തീര്‍ത്ഥാടകരുടെ ദാഹമകറ്റാന്‍ പ്ളാസ്റ്റിക്ക് കന്നാസുകളിലെ ദാഹജലത്തിന് പകരം പ്രകൃതി സൗഹാര്‍ദ് പദ്ധതി പ്രകാരം മണ് കുജകള്‍ സ്ഥാപിച്ചത് ഉള്‍പെടെ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കിയിരിക്കുന്ന വിപുലമായ സൗകര്യങ്ങളെ ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. ഉച്ചകഞ്ഞി വിതരണത്തിന് സ്റ്റീല്‍ പ്ലേറ്റുകളും തോരണങ്ങള്‍ക്ക് പകരം ദീപാലങ്കാരവും ഒരുക്കിയത് പ്രത്യേകം എടുത്തു പറയേണ്ട മാറ്റങ്ങളില്‍ പ്രധാനപെട്ടതാണ്.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പള്ളിക്കടവ് വൃത്തിയാക്കി. പള്ളിക്കടവിലെയും പരിസര പ്രദേശങ്ങളിലെയും എക്കലും മാലിന്യങ്ങളും ജെ.സി.ബിയുടെ സഹായത്തോടെ നീക്കി ആഴം കൂട്ടി. പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് ആണ് തോട് വൃത്തിയാക്കിയത്. പ്രസിഡന്റ് ടെസി ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ സഖറിയ ,സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജയിന് മാത്യൂ, റോസമ്മ ആന്റണി, ടി.ടി.തോമസ് കുട്ടി, അംഗങ്ങളായ ബെറ്റി ജോസഫ്, ബൈജു ജോസ്, ശ്യാമള രാജന് എന്നിവര്‍ നേതൃത്വം നല്കി.
ശുചികരണ തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീജിന്‍ ക്ലാസുകള്‍ നയിച്ചു.
വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി ക്യാരി ബാഗുകള്‍ നശിപ്പിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്ക ക്യാരി ബാഗുകള്‍ക്ക് പകരം ഇതിനോടകം തുണി സഞ്ചികള്‍ തയ്യറാക്കി കഴിഞ്ഞു.
വിവിധ വകുപ്പുകളെ ഏകോപിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി രൂപികരിച്ചത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്. തിരുനാള്‍ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് അധിക്യതര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി.
തിരുനാള്‍ കാലയളവുകളില്‍ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പുരസ്കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായി വികാരി വെരി.റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍, ഇടവക ട്രസ്റ്റി വര്‍ഗ്ഗീസ് എം.ജെ. മണക്കളം, ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യം, ജോ. കണ്‍വീനര്‍ ജയന് ജോസഫ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി സെക്രട്ടറി ഡോ. ജോണ്സണ് വി. ഇടിക്കുള എന്നിവര്‍ അറിയിച്ചു.