മാപ്പ് വേണ്ട പ്രായക്കുടുതലല്ലേ; രാജി നിര്‍ബന്ധം, പെമ്പിളൈ ഒരുമൈ സമരത്തിന്റെ ഗതി എന്ത്?…….

മൂന്നാര്‍: മന്ത്രി എം.എം മണി മൂന്നാറിലെത്തി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ നിന്നും പെമ്പിളൈ ഒരുമൈ പിന്മാറി. പ്രായമായ മന്ത്രി മൂന്നാറിലെത്തി മാപ്പ് പറയേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.എന്നാല്‍ മന്ത്രിയുടെ രാജിവരെ സമരം തുടരുമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
പെമ്പിളൈ ഒരുമൈയുടെ സമരത്തില്‍ നടക്കാന്‍ പാടില്ലാത്ത പലതും നടന്നു എന്നരീതിയില്‍ പ്രസംഗം നടത്തിയ മന്ത്രി മണി രാജിവെക്കണമെന്നും മൂന്നാറില്‍ എത്തി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ 23നാണ് സംഘടനാ നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ നിരാഹാരസമരം തുടങ്ങിയത്.
പിന്നീട് സമരത്തിനപ പിന്തുണയുമായി ആം ആദ്മി പാര്‍ട്ടിയും എത്തിയിരുന്നു.ആം ആദ്മിക്കെതിരെ ആരോപണങ്ങള്‍ പെമ്പിളൈ ഒരുമൈ ഉന്നയിച്ചതോടെ ആപ് നിരാഹാരത്തില്‍ നിന്നും പിന്മാറിയിരുന്നു.

ശനിയാഴ്ച ആശുപത്രിയില്‍ നിന്നു തിരിച്ചെത്തിയ സമരക്കാര്‍ നിരാഹാരം അവസാനിപ്പിച്ച് റിലേ സത്യഗ്രഹം തുടങ്ങിയിരുന്നു. സമരം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ നിലപാടുകളില്‍ മലക്കം മറിഞ്ഞതോടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലില്‍ എത്തുന്ന നേതാക്കളുടെയും സംഘടനകളുടെയും കുറവു വന്നിട്ടുണ്ട്.