മതസൗഹാര്‍ദ്ദത്തിന്റെയും ഒത്തൊരുമയുടെയും വിളംബരമായി, നവയുഗം കുടുംബവേദി വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
ദമ്മാം: പ്രവാസലോകത്തും മലയാളികള്‍ പുലര്‍ത്തുന്ന മതസൗഹാര്‍ദ്ദത്തിന്റെയും, സാമൂഹിക ഒത്തൊരുമയുടെയും മൂല്യങ്ങള്‍ വിളംബരം ചെയ്തു കൊണ്ട്, നവയുഗം സാംസ്‌കാരികവേദിയുടെ കേന്ദ്രകമ്മിറ്റി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ വിഷു-ഈസ്റ്റര്‍ ആഘോഷങ്ങളും, കുടുംബസംഗമവും സംഘടിപ്പിച്ചു.
ദമ്മാം ബദര്‍ അല്‍റാബി ഹാളില്‍ നടന്ന ആഘോഷപരിപാടികള്‍ ഉച്ചയ്ക്ക് നവയുഗം കുടുംബാംഗങ്ങള്‍ തയ്യാറാക്കിയ വിഭവസമൃദ്ധമായ വിഷു സദ്യയോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് കുടുംബങ്ങളുടെ ആഘോഷമേളം തീര്‍ത്തുകൊണ്ട്, കലാ, സാംസ്‌കാരിക, വിനോദ പരിപാടികള്‍ അരങ്ങേറി. വാശിയേറിയ ലേലവും, കുടുംബങ്ങള്‍ക്കായി നടന്ന മത്സരങ്ങളും, കെ.പി.എ.സിയുടെ പഴയ ‘അശ്വമേധം’ നാടകത്തിന്റെ ഗാനരംഗാവിഷ്‌കരണവും, മിന്നുന്ന സംഗീത-നൃത്ത കലാപ്രകടനങ്ങളും, ഹാസ്യപരിപാടികളും പ്രവാസലോകത്തിന് വേറിട്ടൊരു അനുഭവമായി. വൈകിട്ട് ഈസ്റ്റര്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു കൊണ്ടാണ് പരിപാടി അവസാനിപ്പിച്ചത്.
കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും, മത്സരവിജയികള്‍ക്കും നവയുഗം കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, എം.എ.വാഹിദ്, ബെന്‍സി മോഹന്‍, ഷാജി മതിലകം, ലീന ഉണ്ണികൃഷ്ണന്‍, അരുണ്‍ ചാത്തന്നൂര്‍, ദാസന്‍ രാഘവന്‍, അരുണ്‍ നൂറനാട്, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഷിബുകുമാര്‍, ഗോപകുമാര്‍, ലീന ഷാജി, ബിജു വര്‍ക്കി, സുമി ശ്രീലാല്‍, റെഞ്ചി കെ രാജു, മിനി ഷാജി, ബിനുകുഞ്ഞു, സഹീര്‍ഷാ, ശരണ്യ ഷിബു, മാധവ് കെ വാസുദേവ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്‌കാരിക, മാധ്യമരംഗങ്ങളിലെ പ്രമുഖര്‍ക്കൊപ്പം നൂറുകണക്കിന് കുടുംബങ്ങളും പ്രവാസികളും പങ്കെടുത്ത വിഷു-ഈസ്റ്റര്‍ ആഘോഷങ്ങള്‍, മറുനാട്ടില്‍ ഒരു ചെറിയ കേരളഉത്സവം നടക്കുന്ന പ്രതീതി ഉണര്‍ത്തി.
ആഘോഷപരിപാടികള്‍ക്ക് നവയുഗം നേതാക്കളായ സാജന്‍ കണിയാപുരം, രാജീവ് ചവറ, പ്രിജി കൊല്ലം, ഹനീഫ വെളിയങ്കോട്, ഉണ്ണികൃഷ്ണന്‍, പ്രഭാകരന്‍, സുജ റോയ്, അഷറഫ് തലശ്ശേരി, അന്‍വര്‍ ആലപ്പുഴ, സനു മഠത്തില്‍, ഖദീജ ഹബീബ്, മീനു അരുണ്‍, നഹാസ്, ലത്തീഫ് മൈനാഗപ്പള്ളി, കുഞ്ഞുമോന്‍ കുഞ്ഞച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.