വെടിക്കെട്ടിനു അനുമതി?…. പൂരം എല്ലാതവണയും പോലെ, എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി മന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: പൂരത്തിനോട് അനുബന്ധിച്ച് ആചാരമായി നടത്തിവരുന്ന വെടിക്കെട്ട് പതിവു രീതിയില്‍ നടക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായും അദ്ദേഹം പറഞ്ഞു. വൈകിട്ട് നാലുമണിയോടെ നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറുടെ അനുമതി തൃശൂര്‍ കളക്ടര്‍ക്ക് ലഭിക്കും. ചീഫ് കണ്‍ട്രോളര്‍ സാഹു ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതായും പൂരം ആഘോഷപൂര്‍വം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ കൊടിയേറ്റം നടന്നപ്പോള്‍ പാറമേക്കാവ് വിഭാഗം വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.പടക്കങ്ങളുടെ സാമ്പിളുകള്‍ എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ നിര്‍ദേശ പ്രകാരം ശിവകാശി ലാബിലേക്ക് ഇരുവിഭാഗങ്ങളും പരിശോധനയ്ക്ക് നല്‍കിയിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമുളള വ്യവസ്ഥകളോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടിനുളള അനുമതി നല്‍കും. പൊട്ടാസ്യം ക്ലോറൈറ്റ് ചേര്‍ക്കാത്ത പടക്കങ്ങള്‍ ഉപയോഗിക്കാനുളള അനുമതി നല്‍കാനാണ് എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ തീരുമാനം.