ഓര്‍ക്കുകയെങ്കിലും വേണം, അസംഘടിതാരായ ഈ പ്രവാസി തൊഴിലാളികളെ
ഏഴ് ഡിഗ്രിയോ അതില്‍ താഴെയോ ആയിരുന്ന തണുത്തുറഞ്ഞ ഒരു ജനുവരി രാത്രി കിടന്നുറങ്ങാന്‍ കമ്പനി ടെന്റുകള്‍ കെട്ടിയുണ്ടാക്കിയത് പൊതുസ്ഥലത്തായതിനാല്‍ അധികൃതര്‍ പൊളിച്ച് നീക്കിയതില്‍ പിന്നെ ഏഴ് രാത്രികള്‍ മണലിലും ട്രക്കുകള്‍ക്കടിയിലും കിടന്നുറങ്ങിയ ഒരു ചുമട്ടുതൊഴിലാളിയെ നേരില്‍ കണ്ടിട്ടുണ്ട് ഈയടുത്ത് ഇവിടെ ഗള്‍ഫില്‍.
പകല്‍ ജോലി ക്രമങ്ങളുടെ നിയമങ്ങള്‍ ബാധകമല്ലാത്ത ഹോട്ടല്‍ ജോലി ചെയ്ത് അമ്പത് ഡിഗ്രി ചൂടിലും സൈക്കിളില്‍ ഭക്ഷണം വിതരണം നടത്തുന്ന മദ്ധ്യവയസ്കനെ ഇവിടെന്ന് പരിചയപ്പെട്ടിട്ടുണ്ട്. എന്നും രാവിലെ ഓഫീസിലേക്ക് നടക്കുമ്പോള്‍ ഞാന്‍ പിന്നിടുന്ന ഒരു ഉപ്പൂപ്പക്ക് വയസ്സ് എന്പതാണ്, വിസ പോലുമില്ലാതെ ഒരു ഇലക്ട്രിക് ഷോപ്പില്‍ ജോലി ചെയ്യുകയാണ് വൈകി മാത്രം സന്താനഭാഗ്യമുണ്ടായ ആ മനുഷ്യന്. ഉപേക്ഷിച്ച് പോയ മുന്‍ഭര്‍ത്താവ് അടിച്ച് തകര്‍ത്ത ഇടത്തേ കണ്ണുമായി വീടുകളില്‍ നിന്ന് വീടുകളിലേക്ക് ഓടിയോടി വീട്ടുജോലി ചെയ്ത് നാട്ടിലെ കുട്ടികളെ പോറ്റുന്ന ഒരുമ്മയെ അറിയാ ഇവിടെത്തന്നെ. കിടപ്പാടം വിറ്റുപോലും ലക്ഷങ്ങള്‍ ഏജന്‍സിക്ക് കൊടുത്ത് എങ്ങാനും രക്ഷപ്പെട്ടാലോ എന്ന പ്രതീക്ഷകളാല്‍ വന്നുപെട്ടിട്ട് വീട്ടിലെ ചിലവിന് പോലും തികയാത്തത്ര നാമമാത്ര ശമ്പളത്തിന് ക്ലീനിംഗ് ജോലി ചെയ്യുന്ന ഒരുപാട് ചെറുപ്പക്കാരെ കണ്ടിട്ടുണ്ട് ദേ ഇവിടെ. ഇവിടെ മാത്രം ഞാന്‍ കണ്ട തൊഴിലാളികളായ മനുഷ്യരില്‍ ചിലരെ മാത്രമാണ് പറഞ്ഞത്.
അടുത്തിരിക്കുന്നവന്റെ വിയര്‍പ്പ് നാറ്റം പോലും നെറ്റി ചുളിപ്പിക്കുന്ന മുതലാളിമാരാല്‍ സമ്പന്നമായ ലോകത്ത് തൊഴിലാളിയുടെ അതിജീവനങ്ങളുടെ കഥ പറഞ്ഞ് തീര്‍ക്കുവാനാകില്ല, പ്രത്യേകിച്ച് ഇവിടെയിരുന്ന്. മെയ്ദിനം എന്നൊന്ന് അറിയുക കൂടിയില്ലാത്ത അസംഘടിതരായ പ്രവാസി തൊഴിലാളികളെ തിരഞ്ഞെടുത്ത് ഓര്‍ക്കുകയെങ്കിലും ചെയ്യണം ഈ തൊഴിലാളി ദിനത്തില്‍ എന്ന് തോന്നിയത് കൊണ്ട് ഇത്രേം പറഞ്ഞതാണ്.
മെയ്ദിന ഐക്യദാര്‍ഢ്യം തൊഴിലാളി ജനതക്ക്