ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ അന്തരിച്ചു; ജീവിതത്തില്‍ 10 മക്കളേയും നാല് ഭാര്യമാരേയും കടത്തിവെട്ടി

ജക്കാര്‍ത്ത: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്നവകാശപ്പെടുന്ന ഇന്തോനേഷ്യക്കാരന്‍ അന്തരിച്ചു. മധ്യ ജാവയിലെ സ്രാഗനിലുള്ള എംബാ ഗോതോ എന്ന 145 വയസുകാരനാണ് മരിച്ചത്. പത്ത് മക്കളേയും നാല് ഭാര്യമാരേയും കടത്തിവെട്ടിയാണ് ഗോതോ ജീവിച്ചത്. അവസാന കാലഘട്ടത്തില്‍ പേരക്കുട്ടികളോടു കൂടിയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

ഇന്തോനേഷ്യന്‍ ഔദ്യോഗിക രേഖ പ്രകാരം 1870 ഡിസംബര്‍ 31 ആണ് ഗോതോയുടെ ജന്മദിനം. 122 വയസ്സ് തികഞ്ഞ 1992ല്‍ ഗോതോയുടെ നിര്‍ദേശ പ്രകാരം ശവക്കല്ലറ ഒരുക്കിയിരുന്നു. എന്നാല്‍ മരണം തന്നെ അനുഗ്രഹിക്കുന്നില്ലെന്നായിരുന്നു ഗോതോയുടെ പരാതി. അവസാന കാലത്ത് കാഴ്ചക്ക് മങ്ങലുണ്ടായിരുന്ന ഗോതോ ടെലിവിഷന്‍ കാണുന്നത് നിര്‍ത്തി മിക്കസമയവും റേഡിയോയാണ് കേട്ടിരുന്നത്. ദീര്‍ഘായുസ്സിന്റെ രഹസ്യം ക്ഷമയാണ് എന്നായിരുന്നു ഗോതോയുടെ അഭിപ്രായം.

ഔദ്യോഗിക രേഖകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വ്യക്തി 122 വയസുണ്ടായിരുന്ന ഫ്രഞ്ച് വനിത ജീന്‍ കാള്‍മെന്റ് ആണ്. 1900ന് ശേഷം മാത്രം ജനന, മരണ കണക്കുകള്‍ എടുക്കാന്‍ ആരംഭിച്ച ഇന്തോനേഷ്യയിലെ രേഖകളില്‍ തെറ്റുപറ്റാനുള്ള സാധ്യത കണക്കിലെടുത്ത് ലോക റിക്കാര്‍ഡ് അധികൃതര്‍ ഗോതോയുടെ പ്രായം അംഗീകരിച്ചിരുന്നില്ല.