50 പാക് സൈനികരുടെ തല കൊയ്യണമെന്ന് വീരമൃത്യു വരിച്ച ജവാന്റെ മകള്‍

ന്യൂഡല്‍ഹി: രാജ്യത്തിനായി വീരമൃത്യു വരിച്ച പിതാവിന്റെ ജീവനുപകരം 50 പാക് സൈനികരുടെ തല കൊയ്യണമെന്ന് കശ്മീരില്‍ പാക് സൈന്യം നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രേം സാഗറിന്റെ മകള്‍. പിതാവിന്റെ ധീരമരണം വെറുതെയാകരുതെന്നു പ്രേം സാഗറിന്റെ മകള്‍ സരോജ് ആവശ്യപ്പെട്ടു.

രാജ്യത്തിനായി ജീവന്‍ ത്യജിച്ച സഹോദരനെയോര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരന്‍ ദയാശങ്കര്‍ വ്യക്തമാക്കി. അതേസമയം, പാക് സൈന്യം തന്റെ സഹോദരനെ വധിച്ച രീതി ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, വാഗ്ദാനങ്ങളോ ഉറപ്പുകളോ അല്ല, പ്രവര്‍ത്തിയാണ് തങ്ങള്‍ക്കു വേണ്ടതെന്ന് വ്യക്തമാക്കി കശ്മീരില്‍ വീരമൃത്യു വരിച്ച സുബേധാര്‍ പരംജീത് സിങ്ങിന്റെ സഹോദരന്‍ രംഗത്തെത്തി.

പാകിസ്താന്റെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ വലുതാണ് നമ്മുടെ സൈന്യമെന്ന് ആവര്‍ത്തിച്ച് അവകാശപ്പെടുന്നു. എങ്കില്‍പ്പിന്നെ തിരിച്ചടിക്കാന്‍ എന്താണിത്ര അമാന്തം? പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും എന്തു ചെയ്യുകയാണ്? പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് ആശംസയുമായി പാകിസ്താനിലേക്കു പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെയും പരംജീതിന്റെ സഹോദരന്‍ രന്‍ജീത് വിമര്‍ശിച്ചു.

കഴിഞ്ഞ നവംബറില്‍ നടത്തിയ മിന്നലാക്രമണം പോലെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി പാകിസ്താനെ ഒരു പാഠം പഠിപ്പിക്കണമെന്നും രന്‍ജീത് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആവശ്യപ്പെട്ടാല്‍ പാകിസ്താനിലേക്കു പോയി 100 സൈനികരുടെ ശിരസറുത്തുകൊണ്ടു വരാന്‍ ഞാന്‍ തയാറാണ്. വിട്ടുവീഴ്ചകളേക്കുറിച്ച് മാത്രമാണ് നമ്മുടെ നേതാക്കന്‍മാര്‍ ചിന്തിക്കുന്നത്. വാചകമടിച്ചിട്ട് കാര്യമില്ല. തിരിച്ചടിക്കാന്‍ ഉത്തരവിടണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ സഹോദരന്റെ ശിരസു നഷ്ടപ്പെട്ട മൃതദേഹം കുടുംബം ഏറ്റുവാങ്ങില്ലെന്നും സഹോദരന്‍ വ്യക്തമാക്കി. ശിരസില്ലാത്ത മൃതദേഹം എന്റെ സഹോദരന്റെയാണെന്ന് എങ്ങനെ ഉറപ്പിക്കും? ശിരസില്ലാത്ത മൃതദേഹം തങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. പാകിസ്താന്‍ സൈന്യം വികൃതമാക്കിയ ഭര്‍ത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജീത് സിങ്ങിന്റെ വിധവയും വ്യക്തമാക്കി. അദ്ദേഹത്തന്റേതെന്ന് പറയുന്ന മൃതദേഹം ആദ്യം പരിശോധിച്ച് ഉറപ്പുവരുത്തണം. മുഴുവന്‍ ശരീരഭാഗങ്ങളുമില്ലെങ്കില്‍ അതു ഞങ്ങള്‍ക്കു വേണ്ട. ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് സര്‍ക്കാരില്‍നിന്നോ അധികൃതരില്‍നിന്നോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ഇത്രയും ക്രൂരമായി പെരുമാറിയ പാകിസ്താന് എത്രയും വേഗം ഉചിതമായ മറുപടി നല്‍കണമെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്‌കാരത്തിനായി എത്തിച്ച പരംജീത് സിങ്ങിന്റെ മൃതദേഹം തുറന്നു കാണിക്കാത്തതിനെതിരെ അദ്ദേഹത്തിന്റെ കുടുംബം പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ പരംജീത് സിങ്ങിന്റെയും പ്രേം സാഗറിന്റെയും മൃതദേഹങ്ങള്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.