ചില്ലറ മതി ലക്ഷങ്ങള്‍ കളയുന്നതെന്തിനാണ്?… ആധാരം സ്വയം എഴുതിക്കൂടെ; സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുകൂടെ…. ആധാരം സ്വയം എഴുതുന്നതിനെ കുറിച്ച് അറിയേണ്ടതെല്ലാം…..

 

ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നാല്‍ ഇതു വരെയായി കേരളത്തില്‍ ആകെ 200 പേര്‍ മാത്രമാണ് ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളത്.വളരെ എളുപ്പം ചെയ്യാവുന്നതായിട്ടു ഈ രീതി സ്വീകരിക്കാന്‍ ആളുകള്‍ മടി കാണിക്കുകയാണ്.
ആധാരം സ്വയം എഴുതുക എന്നതിനെ പറ്റി പലര്‍ക്കും ആവശ്യമായ ബോധം ഇപ്പോഴുമില്ല എന്നതാണ് കുറഞ്ഞ ഈ കണക്ക് കാണിക്കുന്നത് തന്നെ. പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതേണ്ട ആവശ്യം സ്വയം എഴുതുമ്പോള്‍ ഇല്ല. കേരള റജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങള്‍ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാര്‍ ഓഫീസില്‍ പോയി ആധാരം റജിസ്റ്റര്‍ ചെയ്യാം.

ഇനി പുരിപ്പിക്കാന്‍ അറിയില്ലെങ്കില്‍ നാട്ടില്‍ അറിയുന്ന ആളുകളെ കൊണ്ട് പൂരിപ്പിച്ചാലും മതി. അതും ആധാരമെഴുത്തുകാര്‍ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കില്‍ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താല്‍ മതി. പഴയത് പോലെ ആധാരത്തില്‍ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കില്‍ പതിനായിരങ്ങള്‍ കൊടുക്കേണ്ടതില്ല എന്ന് ചുരുക്കം.ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ല എന്നത് ലജ്ജാകരമാണ്.

ആധാരമെഴുത്തുകാരുടെ മനസ്സിലാകാത്ത ഭാഷയിലെ എഴുത്തിനേക്കാള്‍ ആധികാരികമായ എഴുത്ത് സര്‍ക്കാരിന്റെ റജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്.ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചു കൊടുക്കാനും ആധാരമെഴുത്തുകാരന്‍ എന്ന രാജകീയ പ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാര്‍ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷന്‍ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആര്‍ക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകുകയും ചെയ്യും.പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ട് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയെ ഇനിയെങ്കിലും തിരിച്ചറിയണം.

ആധാരങ്ങളുടെ മാതൃകാകോപ്പികള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക്. http://keralaregistration.gov.in/pearlpublic/index.php ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന വെബ്‌പേജില്‍ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്ത് നിങ്ങള്‍ക്ക് സ്വയം ആധാരം തയ്യാറാക്കാവുന്നതേയുള്ളു.