കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് എമ്മും-സിപിഎമ്മും ഒന്നിക്കുന്നു, പുതിയ നീക്കം രാഷ്ട്രീയ കേരളത്തിലെ ചര്‍ച്ചാവിഷയം

കോട്ടയം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കു നീങ്ങുന്നു എന്ന വാര്‍ത്തകള്‍ ശരി വെയ്ക്കും വിധം കെ.എം.മാണിയുടെ പുതിയ രാഷ്ട്രീയ നീക്കം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്എം ഒറ്റയ്ക്ക് മത്സരിക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി തീരുമാനിച്ചു. പാര്‍ട്ടി എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിന്റെ ആദ്യപടിയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പുതിയ നീക്കത്തെ കാണുന്നത്.

തീരുമാനത്തോട് സിപിഎം മാണിക്ക് സ്വാഗതമോതുന്ന തരത്തിലാണ് പ്രതികരിച്ചത് എന്നതും ശ്രദ്ധേയമാണ്. ഒറ്റയ്ക്ക് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടിയന്തരമായി ചേര്‍ന്ന് മാണിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയും ചെയത്ു. ഏഴ് അംഗങ്ങളാണ് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിനുള്ളത്. ഇതില്‍ ആറ് പേരും സിപിഎം അംഗങ്ങളാണ്. ഒരംഗമുള്ള സിപിഐ മാണിയെ പിന്തുണയ്ക്കുമോ എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് ഡിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെയാണ് പുതിയ രാഷ്ടീയ നീക്കങ്ങള്‍ക്ക് തുടക്കമായത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന യുഡിഎഫ് രണ്ടര വര്‍ഷത്തിന് ശേഷം പ്രസിഡന്റ് പദവി മാണി വിഭാഗത്തിന് നല്‍കാം എന്നായിരുന്നു നേരത്തെയുള്ള ധാരണ. എന്നാല്‍ ഇതിന് ശേഷം യുഡിഎഫ് ബന്ധം മാണി അവസാനിപ്പിച്ചെങ്കിലും ജില്ലാ പഞ്ചായത്തില്‍ സഹകരണം തുടരുകയായിരുന്നു.

മാണി വിഭാഗത്തിനെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചതോടെ കേരള കോണ്‍ഗ്രസിലെ സക്കറിയാസ് കുതിരവേലില്‍ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്ന് ഉറപ്പായി. സണ്ണി പാമ്പാടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മാണിയെ പുറത്തുനിന്നു പിന്തുണയ്ക്കാനാണ് സിപിഎം നിലവില്‍ തീരുമാനമെടുത്തിരിക്കുന്നതെങ്കിലും മധ്യകേരളത്തില്‍ പുതിയ കൂട്ടുകെട്ടിന് വഴി തെളിക്കുന്നതാണ് നിലവിലെ കൈകോര്‍ക്കല്‍ എ്ന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

മാണി എല്‍ഡിഎഫിലേയ്ക്ക് ചേക്കേറുന്നതിന്റെ ഭാഗമായി കര്‍ഷക സംഘടന വഴി നടത്തിയ നീക്കങ്ങള്‍ മലയാളീവിഷന്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു തുടര്‍ന്ന് പല വാര്‍ത്തകളും അതിനെ ചുറ്റിപ്പറ്റി പുറത്ത് വന്നു.