കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം നേടി;പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്ന് സിപിഎം

 

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം നേടി. കേരള കോണ്‍ഗ്രസ്എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് മുന്നണിയിലെ ആറ് സിപിഎം അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോണ്‍ഗ്രസ് ഭരണം പിടിച്ചത്. കേരള കോണ്‍ഗ്രസിന് ആറ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിലൂണ്ട്. ഇതോടെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തില്‍ 12 പേരുടെ പിന്തുണയോടെ കേരള കോണ്‍ഗ്രസ്എം അധികാരത്തിലെത്തി.

സണ്ണി പാമ്പടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സര രംഗത്തുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിലെ സിപിഐയുടെ ഏക അംഗം പി.സുഗുണന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. പി.സി.ജോര്‍ജിന്റെ ജനപക്ഷ മുന്നണിയുടെ പ്രതിനിധിയായ ലിസി സെബാസ്റ്റ്യന്‍ വോട്ട് അസാധുവാക്കുകയും ചെയ്തു.

അതേ സമയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിനെ പിന്തുണച്ചതില്‍ അധാര്‍മികതയില്ലെന്ന് സിപിഎം. ഇത് ജില്ലയിലെ കോണ്‍ഗ്രസ് ഭരണപരാജയത്തിനെതിരായ തെളിവാണെന്ന് സിപിഎം ജില്ലാസെക്രട്ടറി വി.എന്‍.വാസവന്‍ പറഞ്ഞു.സിപിഐയുടെ പിന്തുണ തേടിയിരുന്നുവെന്നും പിന്തുണയ്ക്കില്ലെന്ന് അവര്‍ അറിയിച്ചിരുന്നുവെന്നും വാസവന്‍ പറഞ്ഞു.