ഒറിഗണിലും സിയാറ്റിലും മെയ് ദിനറാലി അക്രമാസക്തമായി

പോര്‍ട്ട്ലാന്റ് (ഒറിഗണ്‍): പോര്‍ട്ട്ലാന്റില്‍ ആയിരകണക്കിന് തൊഴിലാളികളും കുടിയേറ്റക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച മെയ് ദിന റാലി അക്രമാസക്തമായി. പ്രകടനക്കാര്‍ പൊലീസിന് നേരെ കുപ്പികള്‍ വലിച്ചെറിയുകയും കടകള്‍ക്ക് നേരെ പാറകഷ്ണങ്ങള്‍ വലിച്ചെറിഞ്ഞ് ജനലുകളും വാതിലുകളും തകര്‍ത്തതായി പോര്‍ട്ട്ലാന്റ് പൊലീസ് തിങ്കളാഴ്ച അറിയിച്ചു.

രണ്ടു ഡസനിലധികം പ്രകടനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രകടനത്തില്‍ പങ്കെടുത്തവര്‍ മുഖം മൂടി ധരിച്ച് കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുമാണ് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. സിയാറ്റില്‍ ഡൗണ്‍ ടൗണില്‍ നിന്നും ആരംഭിച്ച പ്രകടനക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. ഇവിടെ പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു നീക്കി.

ഒറിഗണില്‍ പ്രകടനത്തില്‍ പങ്കെടുത്തവര്‍ ട്രംപ് മെക്സിക്കൊ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിക്കെതിരായി മുദ്രാവാക്യം വിളിക്കുകയും പ്ലാകാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ നിരാശരായവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.