ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലികൊല്ലുന്ന നവമാധ്യമങ്ങള്‍
ദിനപത്രം വായിച്ചില്ലെങ്കില്‍ ദിവസത്തിന് പൂര്‍ണ്ണത നഷ്ടപ്പെട്ടുവെന്ന് കരുതിയിരുന്ന മലയാളി പത്രതാളുകളില്‍ നിന്ന് നവ മാധ്യമങ്ങളുടെ ലോകത്തേക്കുള്ള യാത്ര കണ്ണടച്ച് തുറക്കുന്നത് പോലെയാണ് നടത്തിയത്. പത്രം കൈകൊണ്ടു തൊടുന്നതിനു മുമ്പ് തന്നെ (ഒരു പക്ഷെ കിടക്കപായില്‍ വച്ചുതന്നെ) വാട്ട്സ് ആപ്പും ഫേസ്ബുക്കുമൊക്കെ തുറന്നു നോക്കിയില്ലെങ്കില്‍ യാതൊരു സമാധാനവുമില്ലാത്ത മനസികാവസ്ഥയിലേയ്ക്ക് കൂപ്പുകുത്തി.
നവ മാധ്യമങ്ങള്‍ വാര്‍ത്ത വിനിമയ മേഖലയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. ശാസ്ത്രലോകത്തും, സമൂഹത്തിലും, വ്യക്തിബന്ധങ്ങളിലുമൊക്കെ ഈ മാറ്റങ്ങള്‍ ശ്കതമായ സ്വാധീനമാണ് ചെലുത്തുന്നത്. കുത്തക മാധ്യമങ്ങളുടെ മുന്നില്‍ പകച്ചുനിന്ന ഒരു കാലഘട്ടം മലയാളിയ്ക്ക് ഉണ്ടായിരുന്നു. അവര്‍ പടച്ചുവിടുന്ന എന്ത് വാര്‍ത്തയും അതേപടി വിഴുങ്ങാന്‍ വിധിക്കപ്പെട്ട ഒരു യുഗം അവസാനിക്കുകയാണ്. പൗര അഭിപ്രായങ്ങള്‍ക്ക് വിലനല്ക്കാനും, സ്വയം സത്യം വെളിപ്പെടുത്താനും നവമാധ്യമങ്ങള്‍ ഇന്ന് ഏറെ മുന്‍പന്തിയിലാണ്. ആനുകാലിക മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതിനുമുമ്പുതന്നെ ഇന്ന് പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ ആഗോള തലത്തില്‍ വ്യാപിക്കുന്നു. വിരല്‍ തുമ്പിലൂടെ വാര്‍ത്തകള്‍ തലങ്ങും വിലങ്ങും കുതിച്ചുപായുകയാണ്
മീഡിയ ട്രെന്‍ഡ് ഫേസ്ബുക്കു പേജില്‍ കുറിച്ച ചില വരികളാണ് ചുവടെ:
‘പത്രത്താളുകള്‍ മറിച്ചും ചാനല്‍ മാറ്റിയും വാര്‍ത്തകള്‍ തിരയുന്ന സമൂഹമിന്ന് ഫേസ് ബുക്ക് ഫീഡുകളും ട്രെന്ഡുകളിലുമായി വാര്‍ത്തയെ ഗ്രഹിക്കുന്നു. അഭിപ്രായങ്ങളെയും വസ്തുതകളെയും രേഖപെടുത്തുകയും ചെയ്യുന്നു. അറിയപ്പെടാത്തെയും, ഒളിച്ചുവെക്കപ്പെട്ടതുമായ സത്യങ്ങളെ പ്രത്യക്ഷത്തില്‍ കൊണ്ടുവരാനും ഒരൊറ്റ ക്ലിക്കിലൂടെ ലോകത്തെ മുഴുവന്‍ സംയോജിപ്പിക്കാനും, സംസ്കാരവും ഭാഷയും ദേശവുമന്യേ ഉപയോക്താക്കളെ ഒരൊറ്റ കുടക്കീഴിലേക്കൊതുക്കുവാനും നവമാധ്യമങ്ങള്‍ക്ക് കഴിയുന്നു.
രാഷ്ട്രിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ട്വീറ്റുകളും തുറന്നടിച്ചെഴുതുന്ന ബ്ലോഗുകളും വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുതിയ രൂപങ്ങള്‍ കൊടുക്കുന്നു. സാധാരണക്കാരന്റെ കണ്ണിലൂടെ വിവരങ്ങള്‍ ലോകത്തേക്ക് കാട്ടികൊടുക്കുവാനും വ്യാഖ്യാനിക്കാനും സിറ്റിസെണ്‍ ജേര്‍ണലിസത്തിന്റെ സാധ്യതകള്‍ നവമാധ്യമങ്ങള്‍ തുറന്നുകൊടുക്കുന്നു.
കണ്ടുപിടിത്തങ്ങള്‍ എപ്പോഴും നാഴികക്കല്ലുകളാണ്. സമൂഹത്തില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടും നമ്മുടെ ശിലങ്ങളിലും രിതികളിലും സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇത്തരമൊരു മാറ്റമാണ് നവമാധ്യമങ്ങള്‍ സഹൂഹത്തില്‍ കൊണ്ടുവന്നതുo……….’
എന്നാല്‍ ഇനി പറയുന്ന കാര്യങ്ങള്‍ മുമ്പും മലയാളി വിഷന്‍ എഴുതിയട്ടുള്ളതാണ്. നവ മാധ്യമങ്ങള്‍ നന്മയുടെയും സത്യത്തിന്റെയും വാഹകര്‍ കൂടിയാകണം എന്ന തലക്കെട്ടോടെ നല്കിയ എഡിറ്റോറിയല്‍ പറഞ്ഞതും ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം തന്നെയാണ്.
പരമ്പരാഗത മാധ്യമങ്ങളെ വെല്ലുവിളിച്ച് കെട്ടിലും മട്ടിലും വിപണനത്തിലും കുതിക്കുന്ന നവ മാധ്യമങ്ങള്‍ നവധാരാ മാധ്യമങ്ങളാകാതെ ചിലപ്പോഴെക്കെ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നശിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യുന്ന അപകടക്കാരിയായ വൈറസുകളെപോലെ ആയി തീരാറുണ്ട് എന്നത് വലിയൊരു അപകടമാണ്. മുഖ്യധാര മാധ്യമങ്ങളില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും പങ്കാളിത്തവും വ്യക്തികള്‍ക്ക് നവമാധ്യമങ്ങള്‍ നിര്മ്മിച്ചുനല്കുന്നത്തിലെ അപകടം അത്ര ചെറുതല്ല.
നവ മാധ്യമങ്ങളുടെ സാങ്കേതികത ചിലപ്പോഴൊക്കെ സമൂഹത്തെയും, വ്യക്തികളെയും വലിയ കുഴപ്പത്തില്‍ ചാടിക്കുന്നുണ്ട്. നവമാധ്യമങ്ങളുടെ അശ്രദ്ധമായ ഉപയോഗം ചിലപ്പോഴൊക്കെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നിലനില്‍ക്കുന്ന രീതികളെ അട്ടിമറിച്ചുകൊണ്ട് നടത്തുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ കുടുംബങ്ങളെയും വ്യക്തികളെയും പൂര്‍ണ്ണമായി നശിപ്പിക്കുന്നതും കാണുന്നുണ്ട്. ജനാധിപത്യക്രമത്തിനുചേരാത്ത അരാജകപ്രവണത സൃഷ്ടിക്കാനും ഇതര രാഷ്ട്രീയ കക്ഷികള്‍ നവ മാധ്യമങ്ങളുടെ കൂട്ട് തേടാറുണ്ട്.
നല്ലൊരു ശതമാനം മുഖ്യാധാര മാധ്യമങ്ങള്‍ ആദര്‍ശപ്രേരിതമായ വാര്‍ത്തകളില്‍ നിന്നും വ്യതിചലിച്ച് വന്‍വ്യവസായമായി മാറിയപ്പോള്‍ സാധാരണക്കാരന്റെ ശബ്ദമാകാന്‍ നവ മാധ്യമങ്ങള്‍ ശ്രമിക്കുകയല്ലെ വേണ്ടത്? വാര്‍ത്തകളുടെ കച്ചവടവല്‍ക്കരണം മാഫിയ മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ കുട്ടി മാധ്യമങ്ങളും ശക്തിയാര്‍ജ്ജിക്കാന്‍ സൂത്രങ്ങളുമായി എത്തി. എന്തിനുവേണ്ടി നിലകൊള്ളുന്നുവെന്നോ എന്താണ് ചെയ്യുന്നതെന്നോ അറിയാതെ അസംബന്ധങ്ങളുടെ കൂത്തരങ്ങായി അത്തരം മാധ്യമങ്ങളും അധപതിക്കാന്‍ തുടങ്ങി. എന്ത് വിശ്വസിക്കണമെന്നോ ഏതാണ് വായിക്കേണ്ടതെന്നോ തിരിച്ചറിയാന്‍ ഉള്ള സമയം പോലും ഇത്തരം മാധ്യമങ്ങള്‍ അതിക്രമിച്ചു കീഴടക്കുന്നു. വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി തകര്‍ച്ച തന്നെയാണത്.
ബെല്ലും ബ്രേക്കും ഇല്ലാതെ പോകുന്ന വാഹനങ്ങള്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്നതുപോലെ നവ മാധ്യമങ്ങള്‍ യാത്ര തുടരുന്നത് പരിതാപകരമാണ്. പരിധിയും പരിമിതികളും നിശ്ചയിച്ചു മുന്നേറുക. ആധികാരികത വെളിവാക്കുന്ന സന്ദേശങ്ങള്‍ കൈമാറാന്‍ ശ്രമിക്കുക. അംഗികൃതമായ ചില വസ്തുതാപരിശോധനയും മാനദണ്ഡങ്ങളും ഉപയോഗിക്കുക. അപ്പോള്‍ നല്കുന്ന വിവരത്തിന് വിലയേറും. അല്ലെങ്കില്‍ അവ പരിതപിക്കാന്‍ പോലും വക നല്‍കാത്ത ദുഖങ്ങളായി മാറും, ഒരു സമൂഹത്തിന് തന്നെ തീരാകളങ്കമായി മാറും.
ബോധിഗ്രാം ബ്ലോഗില്‍ ജോണ്‍ സാമുവല്‍ എഴുതിയ ഒരു ലേഖനത്തിന്റെ അവസാന ഭാഗത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം. “ഇന്ന് പത്ര പ്രവര്‍ത്തനം ഒരു വ്യവസ്ഥാപിത തെഴില്‍ മേഖല ആണ്. മാധ്യമ വ്യാപാരവും മദ്യ വ്യാപാരവും തമ്മില്‍ വലിയ വ്യത്യാസം ഇല്ലാതായിട്ടുണ്ട്. കുത്തുക കോര്‍പ്പറേറ്റുകളുടെ ഒരു ചിന്ന സൈഡ് ബിസിനസ്സായി വ്യവസ്ഥാപിത മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. വ്യവസ്ഥാപിത മാധ്യമ കോര്‍പ്പറേറ്റ് ബിസിനസ്സ് ഇന്ന് ഭരണം കൈയ്യാളുന്നവരുടെ കുഴലൂത്തുകാര്‍ ആയി പരിണമിച്ചിരിക്കുന്നു.
‘പ്രൊഫഷണല്‍’ പത്ര പ്രവത്തകരില്‍ പലരും അധികാരത്തിന്റെ ഇടനാഴികകളിലെ അരിവെപ്പുകാരും അടക്കം പറച്ചില് കാരും ഏഷണിക്കാരും പുറം ചൊറിയുന്നവരും ആയി പരിണമിച്ചിരിക്കുന്നു. അവര്‍ക്ക് അധികാര നേതാകള്‍ക്കു വേണ്ടി മാമാ പണി ചെയ്യുവാനോ ദല്ലാള്‍ പണി ചെയ്യാനോ ഒരു നാണക്കേടും ഉളുപ്പുമില്ല. കാരണം ഇവിടെ അതൊക്കെ ‘സാധാരണ’ പതിവ് മാത്രം ആയിരിക്കുന്നു. ‘ഉദ്ദിഷ്ട്ട കാര്യത്തിന് ഉപകാര സ്മരണ’ എന്ന കണക്കെ സ്ഥാന മാനങ്ങള്‍ അധികാരി വര്‍ഗ്ഗം പ്രത്യുപകാരമായി കൊടുക്കുന്നത് ഡല്‍ഹിയില്‍ മാത്രമല്ല ഇന്‍ഡിയിലെ എല്ലാ സംസ്ഥാനങ്ങളിലും പതിവ് ആയിട്ടുണ്ട്. ചുരുക്കത്തില്‍ വ്യവസ്ഥാപിത മാധ്യമ ബിസിനസും പ്രൊഫഷണല്‍ പത്രപ്രവര്ത്ത നേതാക്കളില്‍ ഗണ്യമായ പങ്കും ഇന്ന് നമ്മുടെ നാടും രാജ്യവും നേരിടുന്ന ജീര്‍ണ്ണതയുടെ നേര് രൂപങ്ങള്‍ ആണ്.
ഇതിനു മാറ്റം വരുത്താന്‍ കഴിവുള്ള ഒരു സാധ്യത ആണ് സാമൂഹിക പ്രതിബദ്ധതയുള്ള ആര്‍ജവം ഉള്ള നവ മാധ്യമ സംരംഭങ്ങള്‍. അത് ഇന്നത്തെ ജീര്‍ണ്ണതയില്‍ നിന്നും കുതറി മാറി ഒരു ബദല്‍ മാധ്യമ സംസ്കാര ധാര ആയി മാറിയെങ്കില്‍ മാത്രമേ നമുക്ക് ഇന്നുള്ള ജീര്‍ണ്ണതകളെ അതീജീവിച്ചു ഒരു പുതിയ നൈതീമായ നന്മയുള്ള സാമൂഹ്യ മാറ്റത്തിന് വഴി തെളിക്കാന്‍ കഴിയുകയുള്ളൂ.”