കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് പിസി ജോര്‍ജ് ;മാണിയും ജോസ് കെ മാണിയും നാണംകെട്ട പണിക്ക് ശേഷം ഒളിവിലാണെന്നും പിസി
തിരുവനന്തപുരം: സിപിഎമ്മുമായി ചേര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ച കെഎം മാണിയുടെ നീക്കം കുതികാല്‍ വെട്ടെന്ന് പിസി ജോര്‍ജ് എംഎല്‍എ.മാണിയുടെ കേരള കോണ്‍ഗ്രസ് ചെയ്തത് നാണംകെട്ട പണി. മാണിയും മകന്‍ ജോസ് കെ മാണിയും നാണംകെട്ട പണിക്ക് ശേഷം ഒളിവിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. മാണി ചെയ്തത് വഞ്ചനയാണെന്നും എംഎല്‍എമാര്‍ ഇതിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം പിളരാന്‍ മാത്രം വലിയ പാര്‍ട്ടിയല്ലെങ്കിലും പിളര്‍പ്പിലേക്കാണ് പോകുന്നതെന്നും ജനപക്ഷം നേതാവ്. മാണിയുടെ നെറികെട്ട നീക്കത്തില്‍ പിജെ ജോസഫ് അഭിപ്രായം പറയണം. മാണിയെ അഴിമതിക്കാരനെന്ന് വിമര്‍ശിക്കുന്ന പിണറായിയും കോടിയേരിയും അവരുടെ ആറംഗങ്ങള്‍ കേരള കോണ്‍ഗ്രസ് എമ്മിന് വോട്ട് ചെയ്തത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നുംപിസി ജോര്‍ജ് ആവശ്യപ്പെട്ടു.
അതേ സമയം എല്‍ഡിഎഫിലേക്ക് പുതിയ കക്ഷിയെ വേണ്ടെന്ന് തുറന്നടിച്ച് സിപിഐ രംഗത്തെത്തി. പ്രാദേശികമായുണ്ടായ ധാരണ മാത്രമാണ് കോട്ടയത്തേതെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.