ബാങ്കുവിളി ഉച്ചഭാഷണിയില്‍: സോനു നിഗമിന്റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ഹരിയാന ഹൈക്കോടതി
ചണ്ഡീഗഢ്: മുസ്‌ലീം പള്ളികളിലെ ബാങ്കുവിളിയാണ് ഇസ്‌ലാമില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് അംഗീകരിക്കുന്നു എന്നാല്‍ ഉച്ചഭാഷിണിയിലൂടെ തന്നെ മുഴങ്ങണമെന്ന നിര്‍ബന്ധത്തിന്റെ ആവശ്യകതയെന്താണെന്ന് ഹരിയാന ഹൈക്കോടതി. മുസ്‌ലീം പള്ളികളിലെ ബാങ്കുവിളിയുമായി ബന്ധപ്പെട്ട് ഗായകന്‍ സോനു നിഗത്തിന്റെ വിവാദ ട്വീറ്റിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.
ഹര്‍ജിയെ ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടിയുള്ള ശ്രമം എന്നാണ് ജസ്റ്റിസ് എം.എം.എസ് ബേദി വിശേഷിപ്പിച്ചത്. ബാങ്ക് വിളിയെ അധിക്ഷേപിച്ചുകൊണ്ടായിരുന്നില്ല സോനു നിഗത്തിന്റെ പരാമര്‍ശങ്ങള്‍. അത് ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറയുന്നതിനെതിരെയായിരുന്നു എന്നതു വ്യക്തമാണ്.എന്നും കോടതി നിരീക്ഷിച്ചു.
സോനു നിഗമിനെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് ഹരിയാനയിലെ സോനപാട്ട് സ്വദേശിയായ ആസ് മൊഹമ്മദാണ് ഹര്‍ജി ഫയല്‍ ചെയ്ത് കോടതിയെ സമീപിച്ചത്.
ഏപ്രില്‍ പതിനേഴിനായിരുന്നു സോനുവിന്റെ വിവാദപരമായ ട്വീറ്റ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞു തുടങ്ങിയ ട്വീറ്റില്‍ താനൊരു മുസ്ലീമല്ലെന്നും എന്നാല്‍ മുസ്ലീം പള്ളിയലെ പ്രാര്‍ത്ഥന കേട്ടാണ് ഉണരുന്നതെന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാരാധന എന്നാണ് അവസാനിക്കുകയെന്നും സോനു നിഗം ട്വീറ്റില്‍ ചോദിച്ചിരുന്നു.