ആദിവാസി പെണ്‍ കുട്ടികളോടെന്തിനീ ക്രൂരത;പൊലീസ് നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് ഡെപ്യൂട്ടി ജയിലറുടെ വെളിപ്പെടുത്തല്‍….

ചത്തീസ്ഗഢ്:ആദിസി പെണ്‍കുട്ടികളെ ഛത്തീസ്ഗഢ് പൊലീസ് നഗ്നരാക്കി മാറിലും കൈകളിലും ഷോക്കടിപ്പിക്കാറുണ്ടെന്ന് വെളിപ്പെടുത്തല്‍. റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി ജയിലര്‍ വര്‍ഷ ഡോണ്‍ഗ്രേയാണ് ഫെയ്‌സ്ബുക്കിലൂടെ 14ഉം 16ഉം വയസ്സുള്ള ആദിവാസി പെണ്‍കുട്ടികളെ പൊലീസ് ക്രൂരമായി പീഢിപ്പിക്കുന്നതിനേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടികള്‍ക്ക് നേരെ മൂന്നാംമുറ പ്രയോഗിക്കുന്നത് എന്തിനാണെന്ന് വര്‍ഷ ചോദിക്കുന്നു.
പ്രായപൂര്‍ത്തിയാവാത്ത ആദിവാസിപെണ്‍കുട്ടികളെ പീഢിപ്പിക്കുന്നതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. പൊലീസ് സ്റ്റേഷനുകളില്‍ പെണ്‍കുട്ടികളെ നഗ്നരാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ കൈകളിലും മാറിടങ്ങളിലും ഷോക്കടിപ്പിക്കുന്നു. അതിന്റെ അടയാളങ്ങള്‍ കണ്ടു ഞാന്‍ ഞെട്ടിപ്പോയി. എന്തിനാണ് കുട്ടികള്‍ക്ക് നേരെ മൂന്നാം മുറ പ്രയോഗിക്കുന്നത്.

നമ്മള്‍ ആത്മപരിശോധന നടത്തണമെന്നും വര്‍ഷ പറഞ്ഞു. ബസ്തറില്‍ ആദിവാസികള്‍ അവരുടെ ഭൂമിയില്‍ നിന്നും പുറന്തള്ളപ്പെടുന്നു, അവരുടെ ഗ്രാമങ്ങള്‍ തീവെച്ച് നശിപ്പിക്കപ്പെടുകയാണ്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു. ഭൂമിയും കാടും പിടിച്ചടക്കാന്‍ വേണ്ടിയണിതെല്ലാം. നക്‌സലിസം ഇല്ലാതാക്കാന്‍ വേണ്ടിയല്ലെന്നും വര്‍ഷ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിവാദമായതിനെ തുടര്‍ന്ന് വര്‍ഷ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.