വണ്‍ ടു ത്രീ….. ആശാന്‍ എസ്‌കേപ്ഡ് : വിവാദ പ്രസംഗത്തിന്റെ പേരിലുള്ള കേസ് കോടതി തള്ളി

തൊടുപുഴ:  എം.എം. മണിയുടെ വിവാദ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരിലുള്ള കേസ് കോടതി തളളി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പുറപ്പെടുവിപ്പിച്ചത്. മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി അംഗീകരിച്ച് കൊണ്ടാണ് കോടതി കേസ് തളളിയത്.
ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഇടുക്കിയിലെ മണക്കാട് നടത്തിയ ‘വണ്‍ റ്റു ത്രീ ‘ പ്രസംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധകേസ് സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതായിരുന്നു മണിയുടെ പ്രസംഗം. സംഭവത്തില്‍ തൊടുപുഴ പൊലീസായിരുന്നു മണിക്കെതിരെ കേസ് ചുമത്തിയിരുന്നത്.

അഞ്ചേരി ബേബിവധക്കേസ് പുനരന്വേഷണത്തില്‍ മണിയെ പ്രതിചേര്‍ക്കുകയും ജയിലിലാവുകയും ചെയ്തിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് മണിയെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്.

ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് എം.എം മണിയെ വൈദ്യുതി മന്ത്രിയായി അധികാരമേറ്റത്.മൂന്നാര്‍ പ്രസംഗത്തിന്റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുമ്പോഴാണ് വിധി വന്നെത്തിയിരിക്കുന്നത്.