ഓസ്ട്രിയയില്‍ സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ പരിശീലനം
വിയന്ന: പൊതുവെ മൂത്ര വിസര്‍ജ്ജനം നടത്തുന്ന പുരുഷന്മാര്‍ നിന്നുകൊണ്ടും, അതേസമയം സ്ത്രീകള്‍ ഇരുന്നുമാണ് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതെന്നാണ് ധരിച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ രാഷ്ട്രീയ കക്ഷിയായ ഗ്രീന്‍ പാര്‍ട്ടി ഈ കാര്യത്തില്‍ മറ്റുചില പരീക്ഷണങ്ങള്‍ നടത്താന്‍ സ്ത്രീകളെ ക്ഷണിക്കുകയാണ്. പാര്‍ട്ടികളിലും, കായിക വിനോദങ്ങളിലുമൊക്കെ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാരെപ്പോലെ നിന്നുകൊണ്ട് എങ്ങനെ മൂത്രമൊഴിക്കാന്‍ കഴിയും എന്നതാണ് ഗ്രീന്‍ പാര്‍ട്ടി കാണിച്ചുകൊടുക്കാന്‍ പോകുന്നത്.
പാര്‍ട്ടിയുടെ ലോവര്‍ ഓസ്ട്രിയയിലുള്ള ഘടകമാണ് നിന്നുകൊണ്ട് മൂത്രം ഒഴിക്കാന്‍ സ്ത്രീകളെ പഠിപ്പിക്കുന്നത്. വനിതകളെ പ്രാതല്‍ പരിപാടിയിലേക്ക് ക്ഷണിച്ചതോടൊപ്പം എങ്ങനെയാണ് നിന്നുകൊണ്ട് മൂത്രം ഒഴിക്കാന്‍ സാധിക്കുന്നതെന്ന പ്രാക്റ്റിക്കല്‍ ക്‌ളാസുകളും നടക്കുമെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക ഇമെയില്‍ സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ, സാമൂഹ്യ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി അഭിപ്രായങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് കഴിഞ്ഞ 12 വര്‍ഷമായി സ്ത്രീകള്‍ക്കുവേണ്ടി മാത്രമായി സംഘടിപ്പിക്കുന്ന പ്രാതല്‍ പരിപാടിയുടെ ലക്ഷ്യം.
വസ്തിപ്രദേശത്തെ (പെല്‍വിക് ബേസ്) സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരിക്കും സ്ത്രീകളുടെ പ്രാതല്‍ എന്ന പരിപാടിയില്‍ സംഘം ഈ പ്രാവശ്യം ചര്‍ച്ചചെയ്യുന്നത്. മെയ് 6ന് നടക്കുന്ന പരിപാടിയില്‍ അതേസമയം സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് എങ്ങനെ മൂത്രം ഒഴിക്കാം എന്ന പ്രമേയത്തിലും പരിശീലനം ലഭിക്കും. സംഭവം ഇതിനോടകം തന്നെ രാജ്യാന്തര മാധ്യമങ്ങളില്‍ ഇടംപിടിച്ചു.