പരസ്യ പ്രതികരണവുമായി പി.ജെ ജോസഫ്: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്

കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന് കേരളം കോണ്‍ഗ്രസിലെ പി.ജെ ജോസഫ്. പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും, പ്രാദേശിക തലത്തില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു ചരല്‍കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ്- സി.പിഎം പിന്തുണയോടെ പ്രസിഡന്റായ സംഭവത്തില്‍ പരസ്യപ്രതികരണവുമായി രംഗത്ത് എത്തിയ പി.ജെ ജോസഫ്. സംഭവത്തെക്കുറിച്ച് മാണിയുമായി ചര്‍ച്ചചെയ്യുമെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പുതിയ കൂട്ടുകെട്ടിനെച്ചൊല്ലി കേരള കോണ്‍ഗ്രസ്സില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പി.ജെ ജോസഫ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ എം.എല്‍.എയായ മോന്‍സ് ജോസഫും ഇന്നലെ മാണിയുടെ നിലപാടിനെ വിമര്‍ശിച്ചിരുന്നു. കൂടാതെ ഇ.ജെ അഗസ്തിയും മാണിക്കെതിരെ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു. കേരളകോണ്‍ഗ്രസ്സിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി എഴുതി ഒപ്പിട്ടു തയ്യാറാക്കിയ ധാരണയുണ്ടായിരുന്നുവെന്നും പാര്‍ട്ടിയുമായി ആലോചിക്കാതെ അവസാന നിമിഷമാണ് തീരുമാനം മാറ്റിയതെന്നും അഗസ്തി പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള വിപ്പ് തയ്യാറായിരുന്നുവെന്നും അവസാന നിമിഷമാണ് ഈ ധാരണ വേണ്ടെന്ന് പറയുന്നത്, ഇതിന്റെ കാരണമെന്തെന്ന് അറിയില്ലെന്നും ഇ.ജെ അഗസ്തി അറിയിച്ചു.